സിയോൾ: പുതിയ ഗൈഡഡ് മിസൈൽ പരീക്ഷിച്ചതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. സംഘർഷങ്ങൾ രൂക്ഷമായാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ആണവ ചർച്ചകൾക്കിടയിൽ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തരകൊറിയ സ്ഥിരീകരണം നടത്തിയത്.
ഉത്തരകൊറിയ പ്രകോപനമുണ്ടാക്കാനായി ഇനിയും മിസൈല്‍ ആക്രമണം നടത്തിയാല്‍ ശക്തമായി പ്രതികരിക്കുമെന്നും ഒരു നയതന്ത്ര ചര്‍ച്ചക്ക് തയ്യാറാണെന്നും ജോ ബൈഡന് നേരത്തേ അറിയിച്ചിരുന്നു. യുഎൻ സെക്യൂരിറ്റി കൗൺസിൽ കമ്മിറ്റിയുടെ യോഗം നടത്തണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ യോഗം ചേരും. സമിതിയിലെ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സമിതിയിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് യുഎൻ രക്ഷാസമിതിയുടെ വിലക്ക് ലംഘിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഉത്തരകൊറിയ നടത്തുന്ന ആദ്യ ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഇന്നലെ രാവിലെ രണ്ട് മിസൈലുകളാണ് ജപ്പാൻ കടലിലേക്ക് തൊടുത്തത്. 420ഉം 430ഉം കിലോമീറ്റർ സഞ്ചരിച്ച മിസൈലുകൾ കടലിൽ പതിച്ചു. തങ്ങളുടെ സമുദ്രാതിർത്തിയില്അല്ല മീിസൈലുകൾ വീണതെന്ന് ജപ്പാൻ അറിയിച്ചു. നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ജപ്പാനും ദക്ഷിണകൊറിയയും പരീക്ഷണത്തെ അപലപിച്ചിരുന്നു. ഉത്തരകൊറിയയുടെ അനധികൃത ആയുധപദ്ധതികൾ അയൽരാജ്യങ്ങൾക്കുയർത്തുന്ന ഭീഷണിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അമേരിക്കയുടെ പസഫിക് കമാൻഡ് പ്രതികരിച്ചു.
ഏതാനും ദിവസങ്ങൾ മുന്‍പ് ബാലിസ്റ്റിക് ഇതര വിഭാഗത്തിൽപ്പെട്ട ചെറുമിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു. യുഎൻ രക്ഷാസമിതിയുടെ വിലക്ക് ബാധകമല്ലാത്ത ഈ പരീക്ഷണങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് ബൈഡൻ പറഞ്ഞിരുന്നു. ഉത്തരകൊറിയൻ ബിസിനസുകാരനായ മുൺ ചോൾ മ്യുംഗിനെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലേഷ്യ അമേരിക്കയ്ക്കു കൈമാറിയത് ഏതാനും ദിവസം മുന്‍പാണ്. ഇതേത്തുടർന്ന് മലേഷ്യയുമായുള്ള നയതന്ത്രബന്ധം ഉത്തരകൊറിയ വിഛേദിച്ചിരുന്നു. ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്ക് ഈ സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഒരു വര്‍ഷം മുന്‍പാണ് ഉത്തരകൊറിയ ഇതിന് മുന്‍പ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. ഉത്തരകൊറിയ- അമേരിക്ക ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടാകാതിരുന്ന സാഹചര്യത്തിലായിരുന്നു അത്.