നൈപീദ്വോ: പട്ടാള ഭരണകൂടത്തിനെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന മ്യാന്‍മറില്‍ പ്രക്ഷോഭം നേരിടാന്‍ ചൈനീസ് ഡ്രോണുകളെ രംഗത്തിറക്കിയിരിക്കുകയാണ് സൈന്യം. ബ്രിട്ടീഷ് രഹസ്വാന്വേഷണ വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മ്യാന്‍മറില്‍ ചൈനീസ് സൈനിക ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളും ബ്രിട്ടീഷ് പ്രസിദ്ധീകരണമായ ജെയിന്‍സ് ഇന്‍റര്‍നാഷണല്‍ പുറത്തുവിട്ടു. ചൈനയുടെ സായുധ ഡ്രോണുകളായ സിഎച്ച്-3എ വിഭാഗത്തില്‍പ്പെട്ടവയാണ് മ്യാന്‍മറില്‍ വിന്യസിച്ചിരിക്കുന്നത്. നിലവില്‍ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ക്കും വിവരശേഖരണത്തിനും സൈനിക നടപടികളെ സഹായിക്കാനുമാണ് ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. സായുധ ഡ്രോണുകളുടെ സാന്നിധ്യം പ്രക്ഷോഭകരെ മാനസികമായി തളര്‍ത്താന്‍ സൈന്യത്തെ സഹായിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ വായനയ്ക്ക്: യന്ത്രത്തോക്കുകളുമായി സൈന്യം ; നാടന്‍ തോക്കുകളുമായി നേരിട്ട് മ്യാന്‍മര്‍ ജനത
ഫെബ്രുവരി ഒന്നിനാണ് അട്ടിമറിയിലൂടെ സൈന്യം മ്യാന്‍മറില്‍ അധികാരം പിടിച്ചത്. തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ച് ആങ് സാന്‍ സൂചിയടക്കമുള്ള നേതാക്കളെ തടവിലാക്കിയ സൈന്യം ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പിന്നാലെ മ്യാന്‍മര്‍ കണ്ടത് രാജ്യ ചരിത്രത്തില്‍ തന്നെ നടന്നിട്ടില്ലാത്ത വിധത്തിലുള്ള വലിയ ജനകീയ പ്രക്ഷോഭങ്ങളാണ്. സമാധാനപരമായ സമരങ്ങളെ സൈന്യം അതിക്രൂരമായി അടിച്ചമര്‍ത്താന്‍ ആരംഭിച്ചതോടെ പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് 600 ഓളം പേരാണ് സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്.
കൂടുതല്‍ വായനയ്ക്ക്: ഇന്ത്യയില്‍ നിന്ന് മടങ്ങാനില്ല: മ്യാന്‍മര്‍ പൊലീസ് ഉദ്യോഗസ്ഥര്‍