ബാങ്കോക്ക്: തായ്‌ലന്‍റില്‍ തീവണ്ടിയില്‍ മരിച്ച ആള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 57കാരനായ ഇയാള്‍ തീവണ്ടി മാര്‍ഗം ബാങ്കോക്കില്‍ നിന്നും നരതിവാറ്റിലേക്ക് പോവുകയായിരുന്നു. തീവണ്ടി പുറപ്പെടുന്നതിന് മുന്‍പ് ഇയാള്‍ക്ക് ചുമയും ചര്‍ദിയും ഉണ്ടായിരുന്നുവെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു. ബോഗിക്കുള്ളിലെ ശൗചാലയത്തിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. യാത്രക്കാരെ ഒഴിപ്പിച്ചതിന് ശേഷം ബോഗി വൃത്തിയാക്കിയതായി അധികൃതര്‍ പറഞ്ഞു. 15 പേരാണ് ഇയാള്‍ക്കൊപ്പം യാത്ര ചെയ്‌തത്. ഇവരെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
1700 പേരാണ് തായ്‌ലാന്‍റില്‍ കൊവിഡ് 19 ബാധിച്ച് ചികില്‍സയിലുള്ളത്. ഇതില്‍ 13 പേര്‍ മരിച്ചു. ബാങ്കോക്കില്‍ പാര്‍ക്കുകളും അവശ്യസേവനങ്ങളൊഴിച്ച് ബാക്കിയുള്ളവയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.