ക്വാലാലംപൂർ: മലേഷ്യന്‍ പ്രസിഡന്‍റ് മഹതിര്‍ മുഹമ്മദിന്‍റെ രാജിക്ക് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടങ്ങി. അടുത്ത പ്രധാനമന്ത്രിയാകാന്‍ തന്നെ ചില നിയമവിദഗ്ധര്‍ ക്ഷണിച്ചെന്ന് മുതിര്‍ന്ന നേതാവായ അന്‍വര്‍ ഇബ്രാഹിം അവകാശപ്പെട്ടു. അതേസമയം 96കാരനായ മഹതര്‍ ഐക്യ സര്‍ക്കാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായും തനിക്ക് ഏതെങ്കിലും പ്രധാന പദവി നല്‍കിയാല്‍ മതിയെന്ന് പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ ഇബ്രാഹിമിന്‍റെ പ്രതികരണം.
'പാക്ട് ഓപ് ഹോപ്പ്' കരാറിലൂടെയാണ് മഹതിറിന്‍റെ നേതൃത്വത്തിലുള്ള നിലവിലെ ത്രികക്ഷി സര്‍ക്കാര്‍ നിലവില്‍ വന്നത്. എന്നാല്‍ രാജിക്ക് ശേഷം മൂന്ന് പാര്‍ട്ടിയിലേയും അംഗങ്ങള്‍ മഹതിറിന് സര്‍ക്കാരിലെ പ്രധാന പദവി നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. 2018ല്‍ നടന്ന വോട്ടെടുപ്പിലാണ് അന്‍വറിനെ ഉള്‍പ്പെടുത്താതെയുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. മഹതിറിന്‍റെ പിന്‍ഗാമിയായിരുന്ന അന്‍വറിന് സ്ഥാനങ്ങള്‍ നല്‍കാനുള്ള നീക്കങ്ങളെല്ലാം നേരത്തെ തന്നെ തടഞ്ഞിരുന്നു.
1990കളില്‍ മഹതിറിന്‍റെ ഓഫീസില്‍ ഡെപ്യൂട്ടിയായി അന്‍വറിനെ നിയമിച്ചിരുന്നു. എന്നാല്‍ അഴിമതി അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇദ്ദേഹത്തെ ജയിലില്‍ അടച്ചു. എന്നാല്‍ നജീബ് റസാഖിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ താഴെയിറക്കാനായി 2018ലെ തെരഞ്ഞെടുപ്പില്‍ ഇരുവരും വീണ്ടും യോജിക്കുകയും ചെയ്തു. എന്നാല്‍ അന്‍വറിന് അധികാരം കൈമാറുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെയാണ് മഹതറിന്‍റെ രാജി. എന്നാല്‍ സര്‍ക്കാറിലെ പ്രധാന പദവികളിലൊന്ന് മഹതിറിന് തന്നെ നല്‍കണമെന്ന ആവശ്യം ശക്തമാണ്.