കാഠ്മണ്ഡു: കഴിഞ്ഞയാഴ്ച നേപ്പാളിലുണ്ടായ കനത്ത മഴയെത്തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 18 ആയി. 21 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജ്യവ്യാപകമായി കനത്ത നാശമാണ് പേമാരിയും വെള്ളപ്പൊക്കവും വരുത്തിവച്ചത്. നേപ്പാൾ പൊലീസും സൈന്യവും സായുധ പൊലീസ് സേനയും സംയുക്തമായി രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.
മരിച്ച 18 പേരില്‍ നാല് പേര്‍ സ്‌ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കാഠ്മണ്ഡുവിൽ നിന്ന് 30 കിലോമീറ്റർ കിഴക്കുള്ള സിന്ധുപാൽചൗക്ക് ജില്ലയിൽ നാല് പേരാണ് മരിച്ചത്. ദോതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്‌തു. സപ്താരി, കാവ്രെ, ഗോർഖ, കസ്കി, അർഘഖാച്ചി, പൽപ, പ്യൂതാൻ, ജുംല, കാലിക്കോട്ട്, ബജാങ്, ബജുറ എന്നിവിടങ്ങളിലും ഓരോ മരണം വീതം റിപ്പോർട്ട് ചെയ്‌തു.
also read: നേപ്പാളില്‍ ഭൂചലനം; നിരവധി വീടുകള്‍ക്ക് നാശനഷ്ടം
സിന്ധുപാൽചൗക്ക് ജില്ലയിലെ മേലാംചി പ്രദേശത്ത് ഇരുപതോളം പേരെ കാണാതായിട്ടുണ്ട്. ഒരാളെ ബാജുരയിൽ നിന്നും കാണാതായതായി പൊലീസ് പറഞ്ഞു. ഭോതേകോഷി നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ലാർച്ച, കോഡാരി ബസാർ പ്രദേശങ്ങളിലെ റോഡുകൾ തകർന്നു. ടാറ്റോപാനി അതിർത്തി പോയന്‍റഅ ശനിയാഴ്ച മുതൽ അടച്ചിരിക്കുകയാണ്.
മഹാകാളി നദിയിൽ കാഞ്ചൻപൂർ ഭാഗത്ത് നിർമാണത്തിലിരിക്കുന്ന അണക്കെട്ട് ശനിയാഴ്ച രാത്രി വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. ഭീംദുട്ട മുനിസിപ്പാലിറ്റിയിലെ ഒഡാലിയിലെ നദിക്ക് മുകളിലുള്ള പാലത്തിന്‍റെ ഒരു ഭാഗവും തകർന്നു.