ലാഹോർ: ലാഹോർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) പഞ്ചാബിലെ വിവിധ നഗരങ്ങളിൽ റെയ്‌ഡ് നടത്തി. അന്വേഷണ ഏജൻസികളുടെ ആദ്യ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്.
ജോഹർ ടൗണിൽ നടന്ന ബോംബ് സ്ഫോടനത്തിൽ കഴിഞ്ഞ ദിവസം എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരുന്നു. കൊലപാതകം, കൊലപാതകശ്രമം, ഭീകരവാദം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ അജ്ഞാതരായ മൂന്ന് പേരെ പ്രതി ചേർത്തിട്ടുണ്ട്.
Read more: പാകിസ്ഥാനിൽ മാർക്കറ്റിന് സമീപം ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് എട്ട് മരണം
പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംശയാസ്‌പദമായി പ്രദേശത്ത് കണ്ടെത്തിയ നിരവധി പേരെ സിടിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സ്‌ഫോടനം നടന്ന വീട് ലഷ്‌കർ-ഇ-തൊയ്‌ബയുടെ സഹസ്ഥാപകനും ജമാഅത്ത് ഉദ് ദവയുടെ തലവനുമായ ഹാഫിസ് സയീദിന്‍റേതാണെന്ന് സംശയമുള്ളതായി സിടിഡി അറിയിച്ചു.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് കുട്ടികളാണ് മരിച്ചത്. 23 പേര്‍ക്ക് പരിക്കേറ്റിരുന്നു.