പ്യോങ്‌യാങ് : ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്‍റെ ഓരോ പ്രവർത്തികളും അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വാർത്തയാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി അജ്ഞാതവാസത്തിലാണ് കിം ജോങ് ഉൻ എന്ന് തോന്നും. കാരണം വാർത്തകളുടെ എണ്ണം തീരെ കുറഞ്ഞു.
പൊതുവേദികളില്‍ നിന്ന് അപ്രത്യക്ഷനായ കിം ജോങ് ഉന്നിന് കൊടിയ രോഗമാണെന്നും മരണാസന്നനാണെന്നും തരത്തിലുള്ള ഉറവിടം വെളിപ്പെടുത്താത്ത വാർത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍ പതിവുപോലെ ഇത്തരം വാർത്തകള്‍ക്കൊന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ചില ദൃശ്യങ്ങള്‍ അമ്പരിപ്പിക്കുന്നതാണ്.
ശരീര ഭാരം ഏറെ കുറഞ്ഞയാളായാണ് കിം പ്രത്യക്ഷപ്പെട്ടത്. വൈനും ജങ്ക് ഫുഡും സിഗാറും ശീലമാക്കിയ കിം ജോങ് ഉന്നിന്‍റെ പ്രധാന ആകര്‍ഷണമായിരുന്നു ആ തടിയുള്ള ശരീരം. എന്നാല്‍ ഇത്രത്തോളം മെലിഞ്ഞത് എങ്ങനെയാണെന്നത് പഴയ റിപ്പോര്‍ട്ടുകള്‍ വീണ്ടും ഉയർന്നുവരാൻ കാരണമായി.
ഒടുവില്‍ പുറത്തുവന്ന ദൃശ്യങ്ങള്‍
ഈ മാസം ആദ്യം നടന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയ കിമ്മിന്‍റെ ദൃശ്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ അത് ഏറെ ചര്‍ച്ചയായിരുന്നില്ല. രാജ്യത്തെ പ്രധാന ടിവി ചാനലായ കൊറിയ സെൻട്രൽ ടെലിവിഷനിൽ അടുത്തിടെ കാണിച്ച രണ്ട് ദൃശ്യങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാൻ കിം എത്തുന്നതാണ് ആദ്യത്തെ ദൃശ്യം. തീരെ മെലിഞ്ഞ രൂപത്തിലാണ് കിമ്മിനെ അവിടെ കാണാൻ കഴിയുന്നത്. രണ്ടാമത്തെ ദൃശ്യം പേര് വെളിപ്പെടുത്താത്ത ഒരാളുടെ പ്രതികരണമാണ്.
കിമ്മിന്‍റെ ഭാരം കുറഞ്ഞതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് ജനങ്ങളില്‍ പലരും കരയുകയാണെന്നുമാണ് ഒരാള്‍ പ്രതികരിക്കുന്നത്. വാച്ചിലെ കണ്ണികളുടെ എണ്ണം പരിശോധിച്ച് അദ്ദേഹത്തിന്‍റെ ഭാരം കുറഞ്ഞെന്ന് കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസങ്ങള്‍ പുറത്തുവന്നിരുന്നു.
also read: മനുഷ്യന്‍റെ യഥാർഥ പൂർവികർ 'ഡ്രാഗൺ മാൻ'? ചൈനയിൽ കണ്ടെത്തിയത് 1,40,000 വർഷം പഴക്കമുള്ള തലയോട്ടി
അതേസമയം ചാനലില്‍ വന്ന ദൃശ്യങ്ങളില്‍ അത്ഭുതപ്പെടേണ്ട വിഷയമൊന്നുമില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. കിമ്മിനെ ഇകഴ്‌ത്തി കാണിക്കുന്ന തരത്തിലുള്ള ഒരു വാർത്തകളും നാഷണൽ ടെലിവിഷൻ പുറത്തുവിടില്ല. കിം ഭാരം കുറയ്‌ക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധിപ്പിക്കണം.
ഒപ്പം ജനങ്ങളോട് അദ്ദേഹം പ്രതിജ്ഞാബദ്ധനാണെന്ന് തെളിയിക്കണം. രാത്രിയും പകലും തന്‍റെ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരു നേതാവിന്‍റെ പ്രതിച്ഛായ സൃഷ്‌ടിക്കാൻ ഒരു പ്രചാരണ തന്ത്രമായും ഇത്തരം വീഡിയോകള്‍ പുറത്തുവിടുന്നതിലൂടെ കിം ലക്ഷ്യമിടുന്നുണ്ടെന്നാണ് വിലയിരുത്തല്‍.
കിമ്മിന്‍റെ ഭാരം ചർച്ചയാകാൻ കാരണം
ഉത്തര കൊറിയയുടെ പരമോന്നത നേതാവായ കിമ്മിന്‍റെ ആരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അന്തരിച്ച പിതാവ് കിം ജോങ്-ഇളിൽ നിന്ന് 2011 ഡിസംബറിലാണ് കിം രാജ്യത്തിന്‍റെ അധികാരം ഏറ്റെടുക്കുന്നത്. വ്യക്തമായ പിൻഗാമിയില്ലാത്ത കിം മരിച്ചാല്‍ രാജ്യത്തിന് എന്ത് സംഭവിക്കുമെന്നത് വലിയ ചോദ്യമാണ്.
അന്താരാഷ്‌ട്ര തലത്തില്‍ തന്നെ ഏറെ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിധേയമാകുന്ന ഒന്നാണ് ഉത്തരകൊറിയയിലെ ഭരണമാറ്റം. സഹോദരി കിം യോ ജോങ്ങിന്‍റെ പേരാണ് കിമ്മിന് പിൻഗാമിയെന്ന തരത്തില്‍ ഏറ്റവും ഉയര്‍ന്നുകേട്ടത്.
എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഉണ്ടായിട്ടില്ല. യോ ജോങ് അധികാരത്തിലെത്തിയില്ലെങ്കില്‍ രാജ്യത്തിന്‍റെ ചുമതല കിം കുടുംബത്തിന് പുറത്തേക്ക് പോകാൻ ഇടയുണ്ട്. ഇത് രാജ്യത്തിന്‍റെ മുന്നോട്ടുള്ള പോക്കില്‍ നിർണായകമാകുമെന്നതില്‍ തർക്കമില്ല.
സമാന റിപ്പോർട്ടുകള്‍ മുമ്പും
കിം ജോങ് ഉന്നിന്‍റെ ആരോഗ്യം സംബന്ധിച്ച ആശങ്കകള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ മുമ്പും ചര്‍ച്ചയാക്കിയിട്ടുണ്ട്. 2014 ൽ കിം ജോങ് ഉൻ 40 ദിവസത്തേക്ക് എല്ലാവരില്‍ നിന്നും അപ്രത്യക്ഷനായിരുന്നു.
പിന്നാലെ അദ്ദേഹത്തിന് ഗുരുതരമായ രോഗം ബാധിച്ചുവെന്നും, എന്തിന് മരിച്ചെന്ന് പോലും റിപ്പോർട്ടുകള്‍ പുറത്തുവന്നു. എന്നാല്‍ അധികം വൈകാതെ ഊന്ന് വടിയുടെ സഹായത്തോടെ കിം നടക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നതോടെ എല്ലാ ചർച്ചകള്‍ക്കും അവസാനമായി.
also read: ആണ് എത്തിയാല്‍ പിഴ ; പണത്തിലല്ല, അപൂര്‍വ കല്ലുകളാല്‍ ; പെണ്ണിന് മാത്രം പ്രവേശനമുള്ള കാട്
37 വയസുകാരനായ കിമ്മിന്‍റെ കടുത്ത മദ്യപാനവും പുകവലിയുമാണ് അദ്ദേഹത്തിന്‍റെ ആരോഗ്യത്തിന് പ്രശ്‌നമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ആവർത്തിക്കാൻ കാരണം. ഓരോ തവണ അദ്ദേഹം അപ്രത്യക്ഷനാകുമ്പോഴും ഇത്തരം റിപ്പോർട്ടുകള്‍ ആവർത്തിക്കും. ഏല്ലാറ്റിനുമൊടുവില്‍ ഒരു ഫോട്ടോയോ ദൃശ്യമോ ആയി കിം പ്രത്യക്ഷപ്പെടും.
കാലങ്ങളായി അദ്ദേഹത്തിന്‍റെ ശരീരഭാരം നിരീക്ഷിക്കുന്നവർ പറയുന്നത് കിമ്മിന് പ്രമേഹം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾ ബാധിച്ചിരിക്കാമെന്നാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു വാര്‍ത്തകള്‍ക്കും ഔദ്യോഗികമായ മറുപടി ലഭിച്ചിട്ടില്ല.