ടോക്കിയോ: ഹജിബിസ് ചുഴലിക്കാറ്റ് നാശം വിതച്ച ജപ്പാനിൽ പ്രതിരോധ പ്രവർത്തനത്തിനും നാശനഷ്ടം വിലയിരുത്താനും പ്രവർത്തന പദ്ധതി രൂപീകരിച്ചു. ചുഴലിക്കാറ്റിലും പേമാരിയിലും നിലവിൽ 26 പേർ മരിക്കുകയും 175 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാല്പതു ലക്ഷത്തോളം പേരെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാർപ്പിച്ചതിലൂടെ വൻ ദുരന്തം ഒഴിവായി.
ജപ്പാനിലെ പ്രധാന ദ്വീപായ ഹോൺഷുവിൽ നിന്ന് 18 പേരെ കാണാതായിട്ടുണ്ട്. പൊലീസ്, അഗ്നിശമന വകുപ്പ്, തീരസംരക്ഷണ സേന, സന്നദ്ധ സംഘടന തുടങ്ങി പതിനായിരത്തോളം പേർ രക്ഷാപ്രവർത്തനങ്ങളിൽ പങ്കുചേരുകയാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആവെ അറിയിച്ചു. ജപ്പാനിൽ ഞായറാഴ്ച 800 ലധികം ആഭ്യന്തര വിമാന സർവീസുകൾ റദ്ദാക്കി. ടോക്കിയോയിലെ റെയിൽവേ പ്രവർത്തനങ്ങളും താറുമാറായി. രാജ്യത്തെ റോഡ് ശൃംഖലയും സ്തംഭിച്ചു. വെള്ളപ്പൊക്കത്താൽ ചില പ്രദേശങ്ങൾ ഒറ്റപ്പെട്ടു. കനത്തമഴയിൽ അൻപതോളം മണ്ണിടിച്ചിലുകൾ രാജ്യത്തുടനീളം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.