ജറുസലേം: സഖ്യകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള പാര്‍ട്ടികളുടെ ശ്രമം പരാജയപ്പെട്ടതോടെ ഇസ്രായേലില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പ് നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യത്ത് തെരഞ്ഞടുപ്പ് നടക്കുന്നത്.
കഴിഞ്ഞ സെപ്‌റ്റംബറിലാണ് അവസാന തെരഞ്ഞെടുപ്പ് നടന്നത്. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന ലികുഡ് പാര്‍ട്ടിയും, മുന്‍ സൈനീക മേധാവി ബെന്നി ഗാന്‍റ്‌സിന്‍റെ പാര്‍ട്ടിയായ സെന്‍ട്രലിസ്റ്റ് ബ്ലൂവും തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഇരു പാര്‍ട്ടികള്‍ക്കും വ്യക്‌തമായ ഭൂരിപക്ഷം നേടാനായില്ല. 120 അംഗ സഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 61 സീറ്റുകളാണ് വേണ്ടത്.
എന്നാല്‍ സെപ്‌റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സെന്‍ട്രലിസ്‌റ്റ് ബ്ലൂവിന് 33 സീറ്റുകളും, ലികുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളും നേടാനെ കഴിഞ്ഞുള്ളു. ഇതിന് പിന്നാലെയാണ് ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കാനുള്ള ചര്‍ച്ച ആരംഭിച്ചത്. ബുധനാഴ്‌ച വരെയാണ് ഇതിനായി സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ല ഇതിനാലാണ് രാജ്യം വീണ്ടും തെരഞ്ഞെടുപ്പിന് വേദിയാകാന്‍ പോകുന്നത്. 2020 മാര്‍ച്ചിലായിരിക്കും അടുത്ത തെരഞ്ഞെടുപ്പ്.
നിലവിലെ സാഹചര്യത്തില്‍ നെതന്യാഹു പ്രധാനമന്ത്രി പദത്തില്‍ തുടരും. ഏപ്രിലില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പിന് ശേഷമാണ് രാജ്യത്തെ താല്‍ക്കാലിക പ്രധാനമന്ത്രിയായി നെതന്യാഹു സ്ഥാനമേറ്റത്. എന്നാല്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷവും സഖ്യം രൂപീകരിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.
കൈക്കൂലി, വിശ്വാസവഞ്ചന എന്നീ ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുമ്പോഴാണ് നെതന്യാഹു മൂന്നാം തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിറങ്ങുന്നത്. 70 ാം വയസിലേക്ക് കടന്ന നേതാവ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷമായി ലികുഡ് പാര്‍ട്ടിയുടെ തലപ്പത്തുണ്ട് ബെഞ്ചമിന്‍ നെതന്യാഹു. മറുവശത്ത് കഴിഞ്ഞ സെപ്‌റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട സെന്‍ട്രല്‍ ബ്ലൂവെന്ന പാര്‍ട്ടിയാണ് രംഗത്തുള്ളത്. ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെയാണ് സഖ്യനീക്കം പാളിയത്.
അതേസമയം ഇരു നേതാക്കളെയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രതിരോധ മന്ത്രി അവിഗ്‌ഡോര്‍ ലിബര്‍മാന്‍ രംഗത്തെത്തി. രാജ്യത്തെ കൂടുതല്‍ ദുരിതത്തിലേക്കാണ് ഇരു നേതാക്കളും ചേര്‍ന്ന് തള്ളിവിടുന്നതെന്ന് ലിബര്‍മാന്‍ ആരോപിച്ചു. സെപ്‌റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍
ലിബര്‍മാന്‍റെ നേതൃത്വത്തിലുള്ള യിസ്രായേല്‍ ബെയ്‌റ്റ്‌ന്യൂ പാര്‍ട്ടി എട്ട് സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ ലികുഡ് പാര്‍ട്ടിക്കും, സെന്‍ട്രലിസ്റ്റ് ബ്ലൂവിനും പിന്തുണ നല്‍കാന്‍ അദ്ദേഹം തയാറായില്ല.