ബാഗ്ദാദ്: ബാഗ്ദാദ് വിമാനത്താവളത്തിലെ സൈനിക മേഖലയ്ക്ക് സമീപം മൂന്ന് കാത്യുഷ റോക്കറ്റുകൾ ആക്രമണം നടത്തിയതായും സംഭവത്തിൽ ആളപായമില്ലെന്നും ഇറാഖ് സൈന്യം. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പുതിയ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ നിർദ്ദിഷ്ട സർക്കാരിനെതിരെ വോട്ടുചെയ്യുന്ന പാർലമെന്‍റ് സമ്മേളനത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ആക്രമണം നടന്നത്.
ആക്രമണത്തെ തുടർന്ന് ഇറാഖ് സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ബാഗ്ദാദിന് പടിഞ്ഞാറ് അൽ ബർകിയ പ്രദേശത്ത് റോക്കറ്റ് വിക്ഷേപണ പാഡ് കണ്ടെത്തി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സൈനിക വിമാനത്താവളത്തിൽ ഇറാഖ് സേനയ്ക്ക് സമീപവും ക്യാമ്പ് ക്രോപ്പറിനടുത്തും യുഎസ് തടങ്കൽ കേന്ദ്രത്തിനടുത്തുമാണ് റോക്കറ്റ് ആക്രമണങ്ങൾ ഉണ്ടായതെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാൻ പിന്തുണയുള്ള മിലിഷിയകൾ മുമ്പ് ഇത്തരം ആക്രമണങ്ങൾ നടത്തിയതായി യുഎസ് ആരോപിച്ചു. ഇറാഖ് പൊലീസിനെയും സൈനിക സേനയെയും ഏകോപിപ്പിക്കുന്ന കേന്ദ്രമായ ബാഗ്ദാദ് ഓപ്പറേഷൻ കമാൻഡിന് സമീപം മാർച്ച് 26 ന് റോക്കറ്റ് ആക്രമണം നടത്തിയതിന് ശേഷമുള്ള ആദ്യ ആക്രമണമാണിത്.