ജക്കാര്‍ത്ത: സൈനിക അഭ്യാസത്തിനിടെ കാണാതായ ഇന്തോനേഷ്യന്‍ അന്തര്‍വാഹിനി സ്ഥിതിചെയ്യുന്ന പ്രദേശം രാജ്യത്തെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. ബാലിയിൽ നിന്ന് 40 കിലോമീറ്റർ (ഏകദേശം 25 മൈൽ) വടക്ക് ഭാഗത്താണ് അന്തര്‍വാഹിനി സ്ഥിതിചെയ്യുന്നതെന്നാണ് വിവരം.
ഡൈവ് പോയിന്റിനടുത്തുള്ള ജലോപരിതലത്തിൽ എണ്ണ കണ്ടെത്തിയെന്നും അന്തർവാഹിനിയിൽ നിന്ന് വരാൻ സാധ്യതയുള്ള ഒരു വസ്തു ശ്രദ്ധയില്‍ പെട്ടെന്നും രാജ്യത്തെ കേന്ദ്ര വിവര യൂണിറ്റ് മേധാവി മേജര്‍ ജനറല്‍ അച്മദ് റിയാദ് അറിയിച്ചു.
കാണാതെയാവുന്ന സമയത്ത് 53 നാവികര്‍ അന്തര്‍വാഹിനിയിൽ ഉണ്ടായിരുന്നെന്ന് ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിരുന്നു. അതേസമയം, കപ്പലിലെ ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീർന്നുപോകുമെന്ന് അധികൃതരെ ഉദ്ദരിച്ചുകൊണ്ട് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
50 മുതൽ 100 മീറ്റർ വരെ (164 മുതൽ 328 അടി വരെ) ആഴത്തിൽ ശക്തമായ കാന്തിക അനുരണനമുള്ള ഒരു വസ്തുവിനെ കണ്ടെത്തിയതായാണ് റിയാദ് വെള്ളിയാഴ്ച സ്ഥിരീകരിച്ചത്. കെ.ആര്‍.െഎ നന്‍ഗല 402 എന്ന അന്തര്‍വാഹിനിയാണ് കാണാതായത്. പരിശീലന വിന്യാസത്തിലായിരുന്ന അന്തര്‍വാഹിനി ബുധനാഴ്ച നാവിക കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നില്ല. മുന്‍കൂട്ടി നിശ്ചയിച്ച റിപ്പോര്‍ട്ടിങ്ങ് സമയം കഴിഞ്ഞിട്ടും ആശയവിനിമയം സാധ്യമാകാതിരുന്നതോടെയാണ് മുങ്ങിക്കപ്പലിനായി തെരച്ചില്‍ ആരംഭിച്ചത്.