ജക്കാർത്ത: അനധികൃത എണ്ണ കൈമാറ്റം നടത്തിയെന്ന് ആരോപിച്ച് രണ്ട് ടാങ്കറുകൾ ഇന്തോനേഷ്യൻ അധികൃതർ കസ്റ്റഡിയില്‍ എടുത്തു. ഇറാന്‍റെയും പനാമയുടെയും ടാങ്കറുകളാണ് ഇന്തോനേഷ്യൻ അധികൃതർ കസ്റ്റഡിയില്‍ എടുത്തത്. പ്രാദേശിക സമയം പുലര്‍ച്ചെ 5.30ന് ഇന്തോനേഷ്യയിലെ കലിമന്തന്‍ പ്രവിശ്യയില്‍ നിന്നാണ് കപ്പലുകള്‍ പിടികൂടിയത്. എം ടി ഹോഴ്സില്‍ നിന്ന് എം ടി ഫ്രേയയിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു ഇന്തോനേഷ്യയുടെ നടപടി. കൂടുതൽ അന്വേഷണത്തിനായി രണ്ട് ടാങ്കറുകളെയും റിയാവു ദ്വീപ് പ്രവിശ്യയിലെ ബതം ദ്വീപിലേക്ക് കൊണ്ടുപോയി.
കപ്പലിലുണ്ടായിരുന്ന ഇറാനിയന്‍, ചൈനീസ് പൗരന്മാരുള്‍പ്പെടെ 61 ക്രൂ അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇന്തോനേഷ്യന്‍ കോസ്റ്റ് ഗാര്‍ഡ് വക്താവ് വിഷ്ണു പ്രമാന്ദിത പറഞ്ഞു. ദേശീയ പതാകകള്‍ കാണിക്കാതെയും ഓട്ടോമാറ്റിക് ഐഡന്‍റിഫിക്കേഷന്‍ സംവിധാനങ്ങള്‍ ഓഫാക്കാതെയും റേഡിയോ കോളിനോട് പ്രതികരിക്കാതെയും പ്രവര്‍ത്തിച്ചതാണ് കപ്പലുകള്‍ പിടികൂടാന്‍ കാരണമെന്നാണ് ഇന്തോനേഷ്യ പറയുന്നത്.
ടാങ്കറുകളില്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കി എണ്ണ വില്‍പന നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ക്വിങ്ദാവോ തുറമുഖത്തേക്ക് ഇറാനില്‍ നിന്നും നാല് ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് എം ടി ഫ്രേയ വിതരണം ചെയ്തതെന്ന് റിഫിനിറ്റിവിലെ മുതിര്‍ന്ന ക്രൂഡ് അനലിസ്റ്റ് എമ്മലി പറഞ്ഞു.