ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ ടൂറിസ്റ്റ് ബസ് മലയിടുക്കിലേക്ക് വീണ് 26 പേര്‍ മരിച്ചു. 35 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിന്‍റെ ബ്രേക്ക് തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. പശ്ചിമ ജാവ പ്രവിശ്യ നഗരമായ സുബാംഗിൽ നിന്നും തീര്‍ഥാടനത്തിനെത്തിയ ഇസ്ലാമിക് ജൂനിയർ ഹൈസ്‌കൂൾ വിദ്യാർഥികളും അവരുടെ മാതാപിതാക്കളും സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്.
ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബസ് 20 അടി താഴ്ചയിലേക്കാണ് പതിച്ചതെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും ലോക്കല്‍ പൊലീസ് ചീഫ് എകോ പ്രെസെറ്റിയോ റോബിയന്‍റോ അറിയിച്ചു. പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരില്‍ ബസ് ഡ്രൈവറും ഉൾപ്പെടുന്നുണ്ട്. മികച്ച രീതിയിലുള്ള റോഡ് സുരക്ഷാ മാനദണ്ഡങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും അഭാവം കാരണം രാജ്യത്ത് റോഡപകടങ്ങൾ സാധാരണമാണ്. 2019ല്‍ ബസ് 80 അടി താഴ്ച്ചയിലേക്ക് വീണ് 35 പേര്‍ മരണപ്പെട്ടിരുന്നു. 2018ലുണ്ടായ അപടത്തില്‍ 27 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.