കാൻബെറ: കാട്ടുതീ ബാധിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ റെസ്റ്റോറന്‍റ് ഉടമകള്‍. ബ്യാണ്‍സ്‌ഡെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ റസ്റ്റോറന്‍റ് ‘ദേസി ഗ്രില്‍’ ഉടമകളായ കണ്‍വാല്‍ജിത് സിംഗും ഭാര്യ കമല്‍ജിത് കൗറും ചേര്‍ന്നാണ് ഭക്ഷണം എത്തിക്കുന്നത്. ഇവിടെയുള്ളവരെ സഹായിക്കേണ്ടത് കടമയാണെന്ന് ആറുവർഷമായി ഓസ്ട്രേലിയയില്‍ താമസിക്കുന്ന സിംഗ് പറയുന്നു. മറ്റ് ഓസ്‌ട്രേലിയക്കാര്‍ ചെയ്യുന്നത് മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇവർ പറഞ്ഞു.
ഇവര്‍ക്ക് പിന്തുണയുമായി മെല്‍ബണിലെ ജീവകാരുണ്യ സംഘടനയായ സിഖ് വളന്‍റീയേഴ്സും രംഗത്തുണ്ട്. കാട്ടുതീ ബാധിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷണം സൗജന്യമായാണ് കൂട്ടായ്മ വിതരണം ചെയ്യുന്നത്. ദിവസവും ആയിരത്തോളം ആളുകള്‍ക്കാണ് ഇവര്‍ ഭക്ഷണം തയ്യാറാക്കുന്നത്. അടുത്ത ഒരാഴ്ചത്തേക്ക് ഇത്തരത്തില്‍ ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യമായ എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും വളന്‍റീയേഴ്സ് അറിയിച്ചു.
കിഴക്കേ ഗിപ്‌സ്‌ലാന്‍ഡില്‍ കാട്ടുതീ പടര്‍ന്നുപിടിച്ചിരുന്നതിനെ തുടര്‍ന്ന് ആയിരങ്ങളാണ് പ്രദേശത്ത് നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോയത്. കാട്ടുതീ അണക്കുന്നതിന് വേണ്ടി നിരവധി രക്ഷാപ്രവര്‍ത്തകരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. വിക്ടോറിയ, ന്യൂ സൗത്ത് വെയ്ല്‍സ് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ ആഴ്ച കാട്ടുതീ പടര്‍ന്നത്. വിക്ടോറിയയില്‍ 24 പ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവിടേക്കുള്ള റോഡുകള്‍ അടക്കേണ്ടി വന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.