കാഠ്‌മണ്ഡു: നേപ്പാളിൽ ആദ്യത്തെ ബ്രോഡ് ഗേജ് റെയിൽവേ സർവീസിന് ഡിസംബറിൽ തുടക്കം. ബിഹാറിലെ ജയ്‌നഗറിനും നേപ്പാളിലെ കുർത്തയ്ക്കും ഇടയിൽ സഞ്ചരിക്കുന്ന രണ്ട് ആധുനിക ട്രെയിനുകൾ ഇന്ത്യ നേപ്പാളിന് കൈമാറി. ആധുനിക സൗകര്യങ്ങളും ഏറ്റവും പുതിയ എസി-എസി പ്രൊപ്പൽഷൻ സാങ്കേതികവിദ്യയും ഉപയോഗിച്ച് ചെന്നൈയിലെ ഇന്‍റെഗ്രേറ്റഡ് കോച്ച് ഫാക്ടറിയാണ് ട്രെയിനുകൾ നിർമിക്കുന്നത്.
വെള്ളിയാഴ്ച നേപ്പാളിൽ എത്തിയ ട്രെയിനുകൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കുർത്തയിൽ നിന്ന് ജയ്‌നഗറിലേക്ക് 35 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ട്രെയിൻ സർവീസ് ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് ഗുണം ചെയ്യുമെന്ന് ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ വർഷം നിർമാണം പൂർത്തിയായ ബ്രോഡ് ഗേജ് ട്രാക്കുകളിൽ പുതിയ ട്രെയിനുകളുടെ ട്രയൽ റൺ ആരംഭിച്ചതായി നേപ്പാൾ റെയിൽവേ കമ്പനി ഡയറക്ടർ ജനറൽ ഗുരു ഭട്ടറായി പറഞ്ഞു.