കാഠ്മണ്ഡു: കൊവിഡ് 19 പ്രതിസന്ധിയെ നേരിടാനായി നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്. വിവിധ മരുന്നുകളും ചികിത്സക്കാവശ്യമായ ഉപകരണങ്ങളും ഇന്ത്യ വിതരണം ചെയ്തു. നേപ്പാളില്‍ ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ വിനയ് മോഹന്‍ ക്വാത്രയാണ് ഹൈഡ്രോക്‌സിക്ലോറോക്വീന്‍, പാരസെറ്റമോള്‍ ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ നേപ്പാളിന് കൈമാറിയത്. മാത്രമല്ല, കൊവിഡ് ടെസ്റ്റ് കിറ്റുകളും ഇന്ത്യന്‍ അംബാസഡര്‍ നേപ്പാള്‍ ആരോഗ്യമന്ത്രിക്ക് കൈമാറി. ഇന്ത്യയുടെ മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക് കമ്പനിയായ മൈലാബ് നിര്‍മിച്ച 30,000 പിസിആര്‍ കിറ്റുകള്‍ ഇതിനോടകം തന്നെ കൈമാറിക്കിഞ്ഞു. ഇത് കൊവിഡിനെതിരായ പരീക്ഷണ ശേഷി ത്വരിതപ്പെടുത്താന്‍ നേപ്പാളിനെ സഹായിച്ചു. 28 ദശലക്ഷം രൂപ വിലമതിക്കുന്ന പത്ത് വെന്‍രിലേറ്ററുകള്‍ നേരത്തേതന്നെ ക്വാത്ര നേപ്പാള്‍ ആര്‍മിക്ക് കൈമാറിയിരുന്നു.
ഈ വര്‍ഷം ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കും മനുഷ്യജീവന് വെല്ലുവിളിയുമായ കൊവിഡ് 19 എന്ന പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതില്‍ ഇന്ത്യയിലും നേപ്പാളിലും ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, എന്നിവര്‍ കാണിച്ച മാതൃകാപരമായ ധീരതയ്ക്കും ശക്തിക്കും അഗാധമായ നന്ദിയുള്ളവരാണന്നും, ഇന്ത്യ എല്ലായ്‌പ്പോഴും നേപ്പാള്‍ ഉള്‍പ്പെടെ 123 രാജ്യങ്ങളില്‍ കൊവിഡുമായി ബന്ധപ്പെട്ട വൈദ്യ സഹായം നല്‍കുന്നുണ്ടെന്നും ക്വാത്ര പറഞ്ഞു. ഓഗസ്റ്റ് 16 വരെ, നേപ്പാളില്‍ മൊത്തം 26,660 കൊവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയതിരിക്കുന്നത്. ഇതില്‍ 17,335 പേര്‍ രോഗമുക്തി നേടുകയും, 104 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അതിര്‍ത്തിയില്‍ നിര്‍മ്മിച്ച ഒരു റോഡിന്റെ പേരില്‍ വഷളായ ഇന്ത്യ-നേപ്പാള്‍ ബന്ധം പൂര്‍വസ്ഥിതിയിലാക്കുന്നതിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ സംസാരിച്ചിരുന്നു. കൊവിഡ് പ്രതിരോധ നടപടികളില്‍ ഇരു നേതാക്കളും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടൊപ്പം കൊവിഡ് പ്രതിരോധത്തിന് നേപ്പാളിന് ഇന്ത്യയുടെ പിന്തുണ തുടര്‍ന്നും ലഭിക്കുമെന്നും മോദി അറിയിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള മഞ്ഞ് ഉരുകുകയാണ് എന്നതില്‍ തര്‍ക്കമില്ല.