മോസ്കോ: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാൻ ഇരു രാജ്യങ്ങൾക്കും പുറത്തുനിന്നുള്ള സഹായം ആവശ്യമില്ലെന്ന് റഷ്യ. പ്രശ്‌നം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇന്ത്യയും ചൈനയും പ്രകടിപ്പിച്ചതായും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് അറിയിച്ചു. ഇന്ത്യ-റഷ്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ വെര്‍ച്വല്‍ ഉച്ചകോടിയിലായിരുന്നു റഷ്യയുടെ നിലപാട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സ്ഥിതി സമാധാനപരമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ മറ്റേതെങ്കിലും ലോകരാജ്യം അവരെ സഹായിക്കേണ്ടതില്ല . പ്രശ്നങ്ങൾ അവർക്ക് സ്വന്തമായി പരിഹരിക്കാനാകുമെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്നും ലാവ്‌റോവ് വ്യക്തമാക്കി. സൈനിക-വിദേശ മന്ത്രിമാരുടെ തലത്തില്‍ കൂടിക്കാഴ്‌ചകള്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ത്രിരാഷ്ട്ര യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും പങ്കെടുത്തു. കിഴക്കൻ ലഡാക്കിലെ ഗല്‍വാൻ താഴ്‌വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി ദിവസങ്ങൾക്ക് ശേഷമാണ് ഉച്ചകോടി നടക്കുന്നത്.