ബെയ്‌ജിങ്: രാജ്യത്തിന് ക്ലീൻ ചീറ്റ് നൽകി കൊവിഡ് പ്രതിരോധത്തെപ്പറ്റി ചൈന ധവളപത്രം പുറത്തിറക്കിയതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. കൊവിഡിനെതിരെയുള്ള ചൈനയുടെ പ്രവർത്തനങ്ങൾ എന്ന് തലക്കെട്ടിൽ പുറത്തിറക്കിയ ധവളപത്രത്തിൽ അജ്ഞാതവും അപ്രതീക്ഷിതവും വിനാശകരവുമായ രോഗത്തിനെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി രാജ്യം ശക്തമായ പോരാട്ടം കാഴ്‌ചവെച്ചെന്ന് അവകാശപ്പെടുന്നു. ലോകരാഷ്‌ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചാൽ ഈ സാഹചര്യത്തിൽ നിന്നും രക്ഷ നേടാമെന്നും ധവളപത്രത്തിൽ പറയുന്നു.
കൊവിഡിനെപ്പറ്റി മുന്നറിയിപ്പ് നൽകാൻ വൈകിയെന്ന യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആരോപണങ്ങൾക്ക് മറുപടി നൽകാനും ധവളപത്രത്തിലൂടെ ചൈന ശ്രമിക്കുന്നു. അതേ സമയം ജോൺസ് ഹോപ്‌കിൻസ് കൊറോണ വൈറസ് റിസോഴ്‌സ് സെന്‍ററിന്‍റെ കണക്കനുസരിച്ച് 68,00,000 ആളുകൾ ഇതിനകം കൊവിഡ് രോഗികളാകുകയും 4,00,000 പേർ മരിക്കുകയും ചെയ്‌തു.