ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് രാജ്യത്തോട് നുണ പറഞ്ഞതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷം . മെഡിക്കല്‍ ബോർഡിന്‍റെ നിർദ്ദേശ പ്രകാരം ചികിത്സയ്ക്കായി നവാസ് വിദേശത്തേക്ക് പോയതാണെന്നും സർക്കാർ തുടർച്ചയായി നുണ പറയുകയാണെന്നും പ്രതിപക്ഷ നേതാക്കൾ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. പാകിസ്ഥാൻ മുസ്ലീം ലീഗ് സെനറ്റർ മുസാദിക് മാലിക്, ഇൻഫോർമേഷൻ സെക്രട്ടറി മറിയം ഓറഗസേബ്, ഡെപ്യൂട്ടി ജനറല്‍ അത്താവുള്ള തരാർ എന്നിവരാണ് ആവശ്യം ഉന്നയിച്ചത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തടസപ്പെടുന്ന രോഗമാണ് നവാസ് ഷെരീഫിന്. തടവിലായിരുന്ന രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് സർക്കാരിന് അദ്ദേഹത്തിന്‍റെ അസുഖം തിരിച്ചറിയാൻ പോലും സാധിച്ചില്ലെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഇമ്രാൻ ഖാനും അദ്ദേഹത്തിന്‍റെ സർക്കാരുമാണ് നവാസിന് ഷെരീഫിന് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയതെന്നും മുസാദിക് മാലിക് പറഞ്ഞു.
കോടതിയില്‍ സമ്മതിച്ച പ്രകാരം നവാസ് ഷെരീഫ് തന്‍റെ മെഡിക്കല്‍ റിപ്പോർട്ടുകൾ പഞ്ചാബ് സർക്കാരിന് മുന്നില്‍ സമർപ്പിച്ചിട്ടുണ്ട്. ഡോക്ടർമാർ, നോട്ടറി പബ്ലിക്, ലണ്ടൻ ഫോറിൻ ഓഫീസ്, പാകിസ്ഥാൻ ഹൈക്കമ്മീഷൻ എന്നിവർ എല്ലാ റിപ്പോർട്ടുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാഹോർ കോടതി അനുവദിച്ച ജാമ്യം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും ഡെപ്യൂട്ടി ജനറല്‍ അത്താവുള്ള തരാർ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഷെരീഫിന്‍റെ ജാമ്യം നീട്ടാൻ സർക്കാർ അനുമതി നിഷേധിച്ചത്.