ജറുസലേം: ഇസ്രയേൽ അതിർത്തിയിൽ പലസ്‌തീനികളുടെ പ്രതിഷേധം തുടരുന്നു. ഗസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നത്.
ഇസ്രയേൽ സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പ്രതിരോധത്തിനായി ഇസ്രയേൽ സൈന്യത്തിന് നേരെ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിച്ചെറിഞ്ഞു. ഇക്കാര്യം പലസ്തീൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. ഇസ്രയേൽ യുദ്ധവിമാനങ്ങള്‍ വ്യേമാക്രമണം നടത്തി മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് തുടർച്ചയായ രണ്ടാം രാത്രിയിലും അതിർത്തില്‍ പ്രതിഷേധം തുടരുന്നത്. രാത്രി പ്രതിഷേധം തുടരുമെന്ന് ഹാമാസ് വ്യക്തമാക്കിയിട്ടുണ്ട്.
പലസ്തീനിലെ ഉപരോധം നീക്കിയില്ലെങ്കിൽ ഇസ്രയേൽ അധിനിവേശം ശാന്തമായ അന്തരീക്ഷത്തിൽ ആയിരിക്കില്ലെന്ന് പ്രതിഷേധക്കാരുടെ വക്താവ് അബു ഉമർ അറിയിച്ചു. പ്രതിഷേധക്കാര്‍ സൈന്യത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ പ്രയോഗിക്കുകയും ടയറുകള്‍ കത്തിച്ചെറിയുകയും ചെയ്തതിനാലാണ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കേണ്ടി വന്നതെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചു.
also read: യുഎസില്‍ കനത്ത നാശം വിതച്ച് ഐഡ; നിരവധി വീടുകള്‍ തകര്‍ന്നു
2007ൽ പലസ്തീനില്‍ അധികാരം ഹമാസ് നേടിയെടുത്തതിന് പിന്നാലെയാണ് ഇസ്രയേലും ഈജിപ്‌തും പലസ്തീന് മേൽ ഉപരോധം തീർത്തത്. ഗസയിലേക്കും പുറത്തേക്കും ചരക്കുകളുടെയും ആളുകളുടെയും സഞ്ചാരം നിയന്ത്രിക്കുന്ന ഉപരോധം ഗസയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് മേൽ കടുത്ത ആഘാതമാണ് ഏൽപ്പിച്ചത്.
മെയ്‌യില്‍ നടന്ന ഇസ്രയേലും പലസ്തീനും തമ്മിലുള്ള 11 ദിവസം നീണ്ട യുദ്ധത്തിന് ശേഷം ഇസ്രയേൽ ഉപരോധം കർശനമാക്കിയിരുന്നു. രണ്ട് സൈനികരുടെ മൃതദേഹങ്ങൾ തിരികെ നൽകണമെന്നും ഹമാസ് തടവിലാക്കിയിരിക്കുകയാണെന്ന് കരുതപ്പെടുന്ന രണ്ട് ഇസ്രയേലി പൗരന്മാർക്ക് സ്വാതന്ത്ര്യം നൽകണമെന്നുമുള്ള ആവശ്യം ഉന്നയിച്ചാണ് ഇസ്രയേൽ ഉപരോധം കടുപ്പിക്കാൻ തീരുമാനിച്ചത്.