ഹോങ്കോങ്: ചൈന ബ്രിഡ്ജ് ചെക്ക് പോയിൻ്റിലൂടെ മക്കാവുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഹോങ്കോങ് സ്വദേശിയെ കാണാതായെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് ഹോങ്കോങ് ഇമിഗ്രേഷൻ വകുപ്പ്. ഇന്നലെയാണ് ചൈനീസ് മെയിൻ ലാൻ്റ് പൊലീസ് ചെക്ക് പോയിൻ്റിൽ നിന്ന് ചാന്‍ എന്നയാളെ കാണാതാകുന്നത്. ക്രോസ്-ബോർഡർ മെഗാ ബ്രിഡ്‌ജിലൂടെ ബസിൽ യാത്ര ചെയ്യുകയായിരുന്നുവെന്നും ഞാൻ അറസ്റ്റിലായി എന്നുമുള്ള സന്ദേശങ്ങളാണ് ലഭിച്ചതെന്ന് ഇയാളുടെ മകന്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഹോങ്കോങ്-സുഹായ്-മക്കാവു പാലം വഴിയാണ് ഇയാൾ യാത്ര ചെയ്തിരുന്നത്.
ചൈനീസ് പ്രസിഡൻ്റ് സി ജിന്‍പിങ്ങിന്‍റെ മക്കാവു സന്ദർശനത്തിന് മുന്നോടിയായി മെയിൻ ലാൻ്റ് പൊലീസ് കഴിഞ്ഞ ആഴ്ചയാണ് എക്സ്-റേ മെഷീനുകളും ഫേഷ്യൽ റെക്കഗ്നിഷൻ ചെക്കുകളും ഉപയോഗിച്ചുള്ള പുതിയ ചെക്ക് പോയിൻ്റ് സ്ഥാപിച്ചത്. വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി മക്കാവുവിൻ്റെ അതിർത്തിയിൽ അനുകൂലമായ സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കൃത്രിമ ദ്വീപിൽ ചെക്ക് പോയിൻ്റ് സ്ഥാപിക്കുകയാണെന്ന് അറിയിച്ചിരുന്നു. ചൈനീസ് മെയിൻ ലാൻ്റ് പേൾ നദി ഡെൽറ്റയുടെ മധ്യത്തിലാണ് കൃത്രിമ ദ്വീപ് സ്ഥിതി ചെയ്യുന്നത്.