ഹോങ്കോങ്: സര്‍ക്കാരിനെതിരെയുള്ള പോരാട്ടങ്ങള്‍ക്കിടെ ഹോങ്കോങില്‍ ഇന്ന് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. ഹോങ്കോങ്ങിലെ ഭരണ സംവിധാനത്തില്‍ പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ഏറ്റവും താഴെത്തട്ടിലുള്ള ഓഫീസുകളാണ് ജില്ലാ ഓഫീസുകള്‍. കഴിഞ്ഞ കുറേ നാളുകളായി ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന തെരഞ്ഞെടുപ്പാണിത്. ഹോങ്കോങ്ങിലെ അപകടകാരികളായ കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള കുറ്റവാളി കൈമാറ്റ ബില്ല് ഹോങ്കോങ് ഭരണകൂടം കൊണ്ടു വന്നതിന് പിന്നാലെയാണ് രാജ്യത്ത് പ്രതിഷേധം ആരംഭിച്ചത്. രാജ്യത്തെ പൂര്‍ണമായും സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിന്‍റെ പൊതുവികാരം തെരഞ്ഞെടുപ്പിലും പ്രകടമാകുമെന്ന് ജില്ലാ കൗൺസിലിലേക്ക് മത്സരിക്കുന്ന ജനാധിപത്യ അനുകൂല നിയമസഭാംഗമായ എഡി ചു പറഞ്ഞു.
പ്രക്ഷോഭ കാലത്തിനിടെ നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ സ്ഥാനാര്‍ത്ഥികളും ആക്രമണത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രചരണ റാലികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതും മൂന്ന് സ്ഥാനാര്‍ത്ഥികള്‍ അറസ്റ്റിലായതും ഈ തെരഞ്ഞെടുപ്പ് കാലത്താണ്.
ഹോങ്കോങ്ങിനുള്ള പരിമിതമായ ജനാധിപത്യം വിപുലീകരിക്കാനുള്ള ആഹ്വാനമാണ് ഈ തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ വാദികള്‍ മുന്നോട്ട് വയ്ക്കുന്നത്. ഷെഡ്യൂൾ അനുസരിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ പരമാവധി ശ്രമിക്കുമെന്ന് ഹോങ്കോങ്ങിന്‍റെ ചീഫ് എക്സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. അക്രമങ്ങൾ തടയാൻ നഗരത്തിലുടനീളം പൊലീസ് പരിശോധനയുണ്ടാകുമെന്ന് കമ്മീഷണർ ക്രിസ് ടാങ് പറഞ്ഞു.