ഹോങ്കോങ്: കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബില്ലിനെതിരായ പ്രക്ഷോഭം അന്താരാഷ്‌ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി യുഎസ് കോണ്‍സുലേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന്‍റെ ഭാഗമായി വിമാനത്താവളത്തിലേക്കുള്ള ഗതാഗതം തടസപ്പെടുത്താനുള്ള പ്രക്ഷോഭകരുടെ നീക്കം പൊലീസ് തടഞ്ഞു. സെന്‍ട്രല്‍ പാര്‍ക്കില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി.
കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബില്ല് പിൻവലിക്കുമെന്ന് ഹോങ്കോങ് ഭരണാധികാരി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തില്‍ നിന്നും പിന്മാറാന്‍ പ്രതിഷേധക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ല. ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് ഹോങ്കോങില്‍ അരങ്ങേറിയത്. ഹോങ്കോങിനെ സ്വതന്ത്രമാക്കുക എന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളാണ് ബില്ലിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.