ഹോങ്കോങ്: സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 മാസത്തിനിടെ 10,242 ഓളം പേരെ ഹോങ്കോങ് പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്‍റ്, സിവിൽ സർവീസ് ബ്യൂറോ, കോൺസ്റ്റിറ്റ്യൂഷണൽ ആന്‍റ് മെയിൻ ലാന്‍റ് അഫയേഴ്‌സ് ബ്യൂറോ എന്നീ വകുപ്പുകൾ വ്യാഴാഴ്‌ച നിയമസഭയിൽ നൽകിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയത്.
Read More: ഹോങ്കോങിൽ പിടുമുറിക്കി ചൈന; ഹോങ്കോങ് സുരക്ഷാനിയമം പാസാക്കി
അറസ്റ്റ് ചെയ്യപ്പെട്ട പ്രക്ഷോഭകാരികളിൽ 600 പേരെ ഇതിനകം സർക്കാർ ശിക്ഷാനടപടികൾക്ക് വിധേയരാക്കി. വിമതരുമായി ബന്ധം ആരോപിച്ച് ഈ കാലയളവിൽ 26 സർക്കാർ ജീവനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അറസ്റ്റിലായ 720 പേർക്കെതിരെയും കലാപം നടത്തിയതിനാണ് കേസ്. നിയമ വിരുദ്ധമായ കൂട്ടംകൂടൽ, ദേശീയ പതാകയെ അപമാനിക്കൽ, ആയുധം കൈവശം വയ്ക്കൽ, പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള അതിക്രമം, വാഹനം തടയൽ തുടങ്ങിയ കുറ്റങ്ങളാണ് ബാക്കിയുള്ളവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുത്ത 50 പേർക്കെതിരെയുള്ള കേസുകൾ സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. വിചാരണയ്‌ക്ക് ശേഷം 186 പേരെ വെറുതെ വിടുകയും ചെയ്‌തു.
Read More: ഹോങ്കോങ് വിഷയത്തില്‍ ചൈനക്കെതിരെ അമേരിക്ക
ഹോങ്കോങിന് മേലുള്ള ചൈനീസ് ആധിപത്യം വർധിപ്പിക്കുന്ന എക്‌സ്ട്രഡിഷൻ ബില്ലിനെതിരെ 2019 ജൂണിൽ ആണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് കഴിഞ്ഞ 2020 ജൂണിൽ ചൈന ഹോങ്കോങിൽ ദേശീയ സുരക്ഷാനിയമം നടപ്പാക്കിയിരുന്നു.