ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. സിന്ധ് പ്രവിശ്യയിലെ ഖിപ്രോയിൽ ശ്രീകൃഷ്‌ണ ജന്മാഷ്‌ടമി ദിനത്തിലാണ് ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടായത്. ഒരു കൂട്ടം അക്രമികളുടെ സംഘം നടത്തിയ ആക്രമണത്തിൽ ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകരുകയും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
പാകിസ്ഥാനിൽ ഇസ്ലാമിനെതിരായ മതനിന്ദ ആൾക്കൂട്ട കൊലപാതകങ്ങളിലേക്കോ വധശിക്ഷയിലേക്കോ നയിക്കുമ്പോൾ അമുസ്ലിം മതങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ശിക്ഷിക്കപ്പെടുന്നില്ല എന്ന് പാകിസ്ഥാൻ മനുഷ്യാവകാശ പ്രവർത്തകൻ രാഹത്ത് ഓസ്റ്റിൻ ട്വിറ്ററിൽ കുറിച്ചു.
സമീപകാലങ്ങളിൽ പാകിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണവും അവരുടെ താത്പര്യം സംരക്ഷിക്കാത്തതിനും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കടുത്ത വിമർശനമാണ് പാകിസ്ഥാന് നേരെ ഉണ്ടാകുന്നത്.
Also Read: നെടുമങ്ങാട് യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്പിച്ച യുവതി മരിച്ചു
ഈ മാസം ആദ്യം ഭോങ്ങ് ഗ്രാമത്തിൽ ഒരു കൂട്ടം അക്രമിസംഘം വടിവാളുകളുമായി വന്ന് ഹിന്ദുക്ഷേത്രം ആക്രമിക്കുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്തിരുന്നു.