ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്. ഇതിനോടകം 4,35,166 ൽ അധികം ആളുകൾ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങി. ലോകത്താകെ 79,82,822 ൽ അധികം ആളുകൾക്ക് മഹാമാരി പിടിപെട്ടു. ഇതിൽ 41,03,984 പേർ സുഖം പ്രാപിച്ചു.
അതേസമയം കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന ചൈനയിൽ പുതിയതായി 49 രോഗബാധിതർ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ ബെയ്‌ജിങ്ങിൽ പ്രതിരോധ നടപടികൾ കർശനമാക്കി. പുതിയതായി സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ 36 ഉം ബെയ്‌ജിങ്ങിലെ പഴം-പച്ചക്കറി വിപണിയായ ഷിൻഫാദി മാർക്കറ്റ് കേന്ദ്രീകരിച്ചാണ്. മറ്റ് 10 പോസിറ്റീവ് കേസുകൾ വിദേശത്ത് നിന്നെത്തിയവരിലാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ മൂന്ന് പേർക്ക് രോഗം ബാധിച്ചത് ബെയ്‌ജിങിന് പുറത്തുള്ള ഹെബി പ്രവിശ്യയിൽ നിന്നാണ്. ഷിൻഫാദി വിപണിയിലെ മുഴുവൻ ജീവനക്കാരും കൊവിഡ് പരിശോധനക്ക് വിധേയമാകണമെന്നാണ് സർക്കാർ ഉത്തരവ്. കൂടാതെ മാർക്കറ്റിൽ എത്തിയ എല്ലാ ഉപഭോക്താക്കളോടും രണ്ടാഴ്ച സ്വയം നിരീക്ഷണത്തിൽ തുടരാനും നിർദേശമുണ്ട്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് നിലവിൽ 177 പേർ ചൈനയിൽ രോഗബാധിതരായി തുടരുകയാണ്. കൂടാതെ 115 പേരെ ഐസൊലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് 4,634 പേർക്ക് കൊവിഡ് മൂലം ജീവഹാനി സംഭവിക്കുകയും 83,181 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.