ഹൈദരാബാദ്: ആഗോള തലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 20,83,304 ആയി ഉയർന്നു. 5,10,350 ൽ അധികം ആളുകളുടെ രോഗം ഭേദമാകുകയും 1,34,616 ൽ അധികം ആളുകൾ മരിക്കുകയും ചെയ്തു.
കൊവിഡിന്‍റെ ഉത്ഭവസ്ഥാനമായ ചൈന വ്യാപാരരംഗം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. എന്നാൽ കൊവിഡ് പ്രതിസന്ധി പൂർണമായും വിട്ടുപോകാത്ത സാഹചര്യത്തിൽ കമ്പനികൾ തുറന്നുപ്രവർത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായി അധികൃതർ പറയുന്നു.
വൈറസിനെയും ചൈനയെയും സംബന്ധിച്ച സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നത് വരെ ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നിർത്തിവച്ചു. കൊവിഡിനെ തടയാനുള്ള ആഗോള ശ്രമങ്ങളെ ഈ നടപടി അപകടത്തിലാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.ലോകാരോഗ്യ സംഘടന വൈറസ് പ്രതിരോധനത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.