ടിബിലിസി: ജോർജിയൻ ഗവൺമെന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ടിബിലിസിയുടെ കേന്ദ്രത്തിൽ ജോർജിയൻ പ്രതിപക്ഷ പ്രതിനിധികളുടെ പ്രതിഷേധം. പാർലമെന്‍റിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും തടഞ്ഞതായി ന്യൂ ജോർജിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവ് ജിയോർജി വഷാഡ്‌സെ മാധ്യമപ്രവർത്തകരെ അറിയിച്ചു.
"പാർലമെന്‍റിലേക്കുള്ള എല്ലാ കവാടങ്ങളും അടച്ച് താക്കോൽ ഞങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. അതിനാൽ തന്നെ പാർലമെന്‍റ് അംഗങ്ങൾ അടുത്ത ദിവസം മുതൽ വന്നാലും ഉള്ളിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് വഷാഡ്‌സെ പറഞ്ഞു. പൊലീസ് ഇതിനെതിരെ നടപടിയെടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾ ജയിക്കണം, അതിനു വേണ്ടി പോരാട്ടത്തിന്‍റെ അവസാനം വരെയും ഒരുമിച്ചു നിൽക്കണമെന്നും വഷാഡ്‌സെ പ്രതിഷേധത്തിനെത്തിയവരോട് ആവശ്യപ്പെട്ടു
പാർലമെന്‍റ് മന്ദിരത്തിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള കൂടാരങ്ങളിലാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവർക്ക് ഉറങ്ങാനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. സമ്മിശ്ര സമ്പ്രദായത്തിലുള്ള പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും ആനുപാതിക സമ്പ്രദായത്തിലേക്ക് മാറുന്നതിനുള്ള ഭേദഗതി ജോർജിയ ഗവൺമെന്‍റ് അംഗീകരിച്ചിരുന്നില്ല. ഇതിനെതിരെയായാണ് പ്രതിപക്ഷ പാർട്ടികളും മറ്റ് സർക്കാരിതര സംഘടനകളും പാർലമെന്‍റ് തെരഞ്ഞെടുപ്പ് വേഗത്തിലാക്കണമെന്നും പരിവർത്തന സർക്കാരിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിൽ 20 പ്രതിപക്ഷ പാർട്ടികളും സർക്കാരിതര സംഘടനകളും പങ്കെടുക്കുന്നുണ്ട്.
നേരത്തെ, ജോർജിയൻ ആഭ്യന്തര മന്ത്രാലയം ടിബിലിസിയിലെ പ്രതിഷേധക്കാരോട് ഉത്തരവ് പാലിക്കണമെന്ന് ആവശ്യപ്പെടുകയും ഏതെങ്കിലും പൊതുസ്ഥാപനങ്ങളെ ആക്രമിക്കുന്നതിനോ തടയുന്നതിനോ ശ്രമിച്ചാൽ പൊലീസിനെ ഉപയോഗിച്ച് അത് ചെറുക്കുമെന്നും അറിയിച്ചിരുന്നു.