കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് മരണം. ഇറാൻ അതിർത്തിയിലെ അഫ്‌ഗാനിസ്ഥാന്‍റെ പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിലെ ഇസ്ലാം ക്വാള ക്രോസിംഗിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്. പ്രകൃതിവാതകം വഹിച്ച അഞ്ഞൂറിലധികം ട്രക്കുകൾ കത്തിനശിക്കാനും അപകടം കാരണമായി. സ്ഫോടനത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.
നാസയുടെ ഉപഗ്രഹങ്ങൾക്ക് വരെ പകർത്താൻ കഴിയുന്നത്ര ശക്തമായ സ്ഫോടനങ്ങളാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ. സ്‌ഫോടനത്തിന് മുമ്പ് ശനിയാഴ്‌ച പകർത്തിയ ഉപഗ്രഹ ചിത്രങ്ങളിൽ അതിർത്തി കടന്ന സ്ഥലത്ത് ഡസൻ കണക്കിന് ടാങ്കറുകൾ നിർത്തി ഇട്ടതായി കാണാമായിരുന്നു. അര മണിക്കൂർ വ്യത്യാസത്തിലാണ് രണ്ട് സ്ഫോടനങ്ങളും ഉണ്ടായത്. കനത്ത സ്ഫോടനത്തെ തുടർന്നുണ്ടായ വൈദ്യുതി വിതരണത്തിലെ തടസം ഹെറാത്ത് നഗരത്തെ പൂർണമായും ഇരുട്ടിലാക്കി.
ഹെറാത്ത് നഗരത്തിന് പടിഞ്ഞാറ് 120 കിലോമീറ്റർ (75 മൈൽ) അകലെയാണ് ഇസ്ലാം ക്വാല അതിർത്തി കടക്കുന്നത്, അഫ്‌ഗാനിസ്ഥാനും ഇറാനും തമ്മിലുള്ള പ്രധാന ഗതാഗത മാർഗമാണിത്. ക്രിമിനൽ സംഘങ്ങളുടെ ആക്രമണത്തെ ഭയന്ന് അഫ്‌ഗാനികൾ പോലും രാത്രിയിൽ അപൂർവമായി മാത്രം സഞ്ചരിക്കുന്ന അപകടകരമായ ഒരു പാതയാണ് ഹെറാത്ത് നഗരത്തിനും ഇസ്ലാം ക്വാലയ്ക്കും ഇടയിലുള്ള റോഡ്.