ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാല് ഐ.എസ് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇവര്‍ ബഹവാൽപൂരിലെ ഷിയാ ആരാധനാലയങ്ങൾ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി സേനാവ്യത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച രാത്രി ഭീകരരുടെ ഒളിത്താവളത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. കീഴടങ്ങാനുള്ള നിര്‍ദേശം അവഗണിച്ച ഭീകരര്‍ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് തോക്കുകള്‍,ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു.
ലാഹോറില്‍ നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെയുള്ള ബഹവാൽപൂരില്‍ ആക്രമണം നടത്തി രാജ്യത്ത് കലാപത്തിന് തുടക്കമിടാനായിരുന്നു ഇവരുടെ ലക്ഷ്യം. ബഹവല്‍പൂരിലെ അസം ചൗക്കില്‍ ആറ് തീവ്രവാദികള്‍ ആയുധങ്ങളുമായി ഒളിവിലാണെന്ന് പഞ്ചാബ് പൊലീസിന് വിവരം ലഭിച്ചു. ഇവര്‍ക്കായി പ്രാദേശിക സഹായത്തോടെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സേന വ്യക്തമാക്കി.