നാം ഇതുവരെ മനസിലാക്കിവച്ച മനുഷ്യ പരിണാമത്തിന്‍റെ കഥകൾ തെറ്റാവാൻ സാധ്യത. 1,40,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന വംശത്തിന്‍റെ തലയോട്ടിയിൽ നടത്തിയ പഠനങ്ങളാണ് നിലവിൽ ശാസ്‌ത്ര ലോകത്തിന്‍റെ കാഴ്‌ചപ്പാടുകൾ ആകെ മാറ്റാൻ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്.
മനുഷ്യരുടെ തലയോട്ടിയുമായുള്ള സാമ്യം കണ്ടെത്തിയതോടെയാണ് ശാസ്‌ത്രലോകത്തെ ആകെ സംശയത്തിലാക്കിയ സംഭവ വികാസങ്ങൾ തുടങ്ങുന്നത്. ആധുനിക മനുഷ്യനുമായി ഏറ്റവും സാമ്യമുള്ളത് എന്ന് കണക്കാക്കപ്പെടുന്ന നിയാണ്ടർതാൽ മനുഷ്യനേക്കാള്‍ സാമ്യം ഹോമോ ലോംഗിക്കുണ്ടെന്നതാണ് കൗതുകമുണർത്തുന്ന മറ്റൊരുകാര്യം.
ചൈനയിലെ ഹീലോങ്ജിയാങ് പ്രവിശ്യയിലെ ഹാർബിൻ സിറ്റിയിൽ നിന്നാണ് 1933ൽ ഈ തലയോട്ടി കണ്ടെത്തുന്നത്. അന്ന് ജപ്പാനീസ് സൈന്യത്തിന്‍റെ കണ്ണിൽപ്പെടാതിരിക്കാനായി തലയോട്ടി കണ്ടെത്തിയയാൾ അതൊരു കിണറ്റിൽ ഒളിപ്പിച്ച് വച്ചതായും പിന്നീട് 2018ൽ 85 വർഷങ്ങൾക്ക് ശേഷം ഇത് കണ്ടെടുക്കപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ.
ഹാർബിൻ സിറ്റിയിൽ നിന്നും തലയോട്ടി കണ്ടെത്തിയതിനാൽ ഇതിന് ഹാർബിൻ ക്രേനിയം എന്ന പേരാണ് ശാസ്‌ത്രജ്ഞൻമാർ നൽകിയിരിക്കുന്നത്. മനുഷ്യന്‍റെ ഉൽപ്പത്തിയെക്കുറിച്ചുള്ള പഠനങ്ങൾ ഏറെയും നടന്നിരിക്കുന്നത് ആഫ്രിക്ക, യൂറോപ്പ് ഭൂഗണ്ഡങ്ങളിലാണ്.
ഫോസിലുകൾ ഏറെയും കണ്ടെത്തിയത് ഇവിടങ്ങളിൽ നിന്നാണെന്നത് തന്നെ ഇതിന് കാരണം. എന്നാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും നിലവിൽ കണ്ടെത്തിയിരിക്കുന്ന ഹോമോ ലോംഗിയുടെ ഫോസിൽ, മറ്റിടങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യന്‍റെ പൂർവികരേക്കാൾ ആധുനിക മനുഷ്യനുമായി സാമ്യമുള്ള പൂർവികർ ഏഷ്യയിലായിരുന്നു ജീവിച്ചിരുന്നത് എന്ന വിഷയത്തിലേക്കും വെളിച്ചം വീശുന്നതാണ്.
ആധുനിക മനുഷ്യന് മുൻപ് മറ്റൊരു മനുഷ്യൻ
1,40,000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നത് എന്ന് കരുതപ്പെടുന്നയാളുടെ ഈ തലയോട്ടി 1933ൽ കണ്ടെത്തി കിണറ്റിൽ ഒളിപ്പിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഇത് 2018ൽ തലയോട്ടി കണ്ടെത്തിയ ആളുടെ കുടുംബം ചൈനയിലെ ഹെബി ജിയോ സർവകലാശാലയിലെ പ്രൊഫസറായിരുന്ന ജി ക്വിയാങിന് കൈമാറി. അദ്ദേഹം വിശദമായി നടത്തിയ പഠനത്തിൽ ശാസ്‌ത്രലോകത്തെ തന്നെ ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവന്നത്.
ഹോമോ ലോംഗി വംശത്തിൽ പെട്ട ഏകദേശം 50 വയസോളം പ്രായം വരുന്ന പുരുഷന്‍റെ തലയോട്ടിയാണിത്. ഡ്രാഗൺ മാൻ എന്നും ഈ തലയോട്ടിക്ക് വിളിപ്പേരുണ്ട്. 'ഡ്രാഗൺ റിവർ' എന്നർഥമുള്ള ലോംഗ് ജിയാങ്ങിൽ നിന്നാണ് ഡ്രാഗൺ മാൻ എന്ന പേര് ഉരുത്തിരിഞ്ഞത്.
നിയാണ്ടർതാലിനേക്കാളും ഹോമോ ഇറക്‌ടസിനേക്കാളും ആധുനിക മനുഷ്യരുമായി സാമ്യമുള്ളതാണ് ഡ്രാഗൺ മാന്‍റെ തലയോട്ടിയെന്നും ശാസ്‌ത്രജ്ഞർ പറയുന്നു.
പുരാതന, ആധുനിക മനുഷ്യരുടെ മിശ്രിത രൂപമാണ് ഹോമോ ലോംഗിയുടെ പ്രധാന സവിശേഷത. കട്ടിയുള്ള നെറ്റി വരമ്പ്, ആധുനിക മനുഷ്യന്‍റെ മസ്‌തിഷ്‌കത്തോട് സാമ്യമുള്ള മസ്‌തിഷ്‌കം, വിശാലമായ മുഖം, പരന്നതും താഴ്‌ന്നതുമായ കവിൾത്തടങ്ങൾ എന്നിവയും ഹോമോ ലോംഗിയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു.
Also Read: വിയറ്റ്‌നാമിലെ റിയല്‍ ലൈഫ് ടാർസൻ ; ഹൊ വാൻ ലാങ്കിന് നാട് കൗതുകമാണ്
അതായത് ഹോമോ ലോംഗി നിയാണ്ടർത്താലുമല്ല, ഹോമോ ഇറക്‌ടസുമല്ല ആധുനിക മനുഷ്യന്‍റെ വംശമായ ഹോമോ സാപ്പിയനുമല്ല. ഇതിന്‍റെ മൂന്നിന്‍റെയും സങ്കരമാണെന്ന് സാരം.
ഒരു ചെറിയ കമ്മ്യൂണിറ്റിയുടെ ഭാഗമായി വനപ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലായിരിക്കാം ഡ്രാഗൺ മാൻ താമസിച്ചിരുന്നത്. തലയോട്ടി കണ്ടെത്തിയ സ്ഥലവും തലയോട്ടിയുടെ വലുപ്പം വച്ച് കണക്കാക്കുന്ന മനുഷ്യന്‍റെ ആകാരവലുപ്പവും കണക്കിലെടുത്ത്, ഹോമോ ലോംഗിയുടെ ശരീരം കഠിനമായ അന്തരീക്ഷങ്ങൾക്ക് അനുയോജ്യമായിരുന്നിരിക്കാമെന്നും ഏഷ്യയിലുടനീളം ഇവർ ജീവിച്ചിരുന്നിരിക്കാമെന്നും ശാസ്‌ത്രസംഘം വിലയിരുത്തുന്നു.
പഠനങ്ങൾ അവസാനിച്ചിട്ടില്ല. അതിവേഗത്തിൽ തന്നെ തുടരുകയാണ്. മനുഷ്യന്‍റെ യഥാർഥ പൂർവികർ നാം കരുതുന്നത് പോലെ നിയാണ്ടർതാലിന് ശേഷം വന്ന ഹോമോ ഇറക്‌ടസ് തന്നെയാണോ എന്ന് കണ്ടെത്താൻ നിലവിൽ ലഭിച്ചിരിക്കുന്ന ഹോമോ ലോംഗിയുടെ തലയോട്ടി സഹായകരമാകും എന്ന് തന്നെയാണ് ശാസ്‌ത്രജ്ഞർ കരുതുന്നത്.
പഠനങ്ങൾ പുരോഗമിക്കട്ടെ, കൂടുതൽ പുതിയ വിവരങ്ങൾ പുറത്തുവരട്ടെ, കാത്തിരിക്കാം നമ്മുടെ യഥാർഥ പൂർവികർ ആരെന്നറിയാന്‍.