ഇസ്ലാമാബാദ്: പാകിസ്ഥാന്‍-ചൈന റൂട്ടില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പാകിസ്ഥാന്‍റെ അറിയിപ്പ്. കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ലോക രാജ്യങ്ങള്‍ ചൈനയിലേക്കുള്ള യാത്രവിലക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാന്‍റെ പുതിയ പ്രഖ്യാപനം. ഇസ്ലാമാബാദില്‍ നിന്നും ചൈനയിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുനഃരാരംഭിക്കുകയാണെന്ന് പാകിസ്ഥാൻ വ്യോമയാന മന്ത്രാലയം വക്താവ് ദുരിയ അമീർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ ചൈനയില്‍ നിന്നുള്ള ആദ്യ വിമാനം കറാച്ചിയില്‍ ഇറങ്ങും.
ദേശീയ വിമാനക്കമ്പനിയായ പാകിസ്ഥാൻ ഇന്‍റർനാഷണൽ എയർലൈൻസും (പിഎഎ) ചൈനീസ് എയർലൈനുകളായ എയർ ചൈനയും ചൈന സതേൺ എയർലൈൻസും ഇരു രാജ്യങ്ങളിലേക്കും ആഴ്ചയിൽ 12 വിമാന സർവീസുകളാണ് നടത്തുന്നത്. ചൈനയിലെ വുഹാനില്‍ കുടുങ്ങിയ പാക് വിദ്യാര്‍ഥികളെ നാട്ടില്‍ എത്തിക്കുന്നതിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടപടിയെടുക്കുന്നില്ലെന്ന പരാതിക്ക് പിന്നാലെയാണ് പുതിയ നടപടി. അതേസമയം, വുഹാനിൽ കുടുങ്ങിയ 500 വിദ്യാർഥികളിൽ നാല് വിദ്യാർഥികൾക്ക് കൊറോണ വൈറസ് കണ്ടെത്തി.