ബെയ്‌ജിങ്: കൊവിഡ് വാക്‌സിൻ വികസിപ്പിക്കുന്നതിൽ ഇന്ത്യയുമായും മറ്റ് ബ്രിക്സ് രാജ്യങ്ങളുമായും സഹകരിക്കാൻ തയാറാണെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്. പന്ത്രണ്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് വ്യാപനം തടയുന്നതിലും പ്രതിരോധ മരുന്നുകള്‍ കണ്ടെത്തുന്നതിനുമുള്ള ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ നാം പിന്തുണയ്‌ക്കേണ്ടതുണ്ട്. ഞങ്ങൾ പിന്തുണയ്‌ക്കേണ്ടത് പ്രധാനമാണ്. ചൈനീസ് കമ്പനികൾ റഷ്യൻ, ബ്രസീലിയൻ പങ്കാളികളുമായി കൊവിഡ് മരുന്ന പരീക്ഷണം തുടരുകയാണ്. പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയിരിക്കുകയാണ്. കൊവാക്‌സിൻ വികസിപ്പിക്കാൻ ദക്ഷിണാഫ്രിക്കയുമായും ഇന്ത്യയുമായും സഹകരിക്കാൻ ചൈന തയാറാണ് - ഷി ജിൻപിങ് പറഞ്ഞു.
കൊവിഡ് വാക്‌സിൻ വികസനത്തിന് കൃത്യമായ നടപടികള്‍ ചൈന സ്വീകരിക്കുന്നുണ്ട്. വിവിധ ഗവേഷകരുടെ സഹകരണത്തോടെയാണ് പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നത്. ഗവേഷണണങ്ങള്‍ക്കായി ഞങ്ങള്‍ പ്രത്യേക സെന്‍ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് പരീക്ഷണങ്ങളുമായി സഹകരിക്കാം. പരമ്പരാഗത മരുന്നുകളെ ഉപയോഗിച്ച് കൊവിഡിനെ പ്രതിരോധിക്കാനാകുനമോയെന്ന് നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത്തരത്തില്‍ മരുന്ന് വികസിപ്പിക്കാനായാല്‍ അതൊരു മികച്ച നേട്ടമായിരിക്കുമെന്നും, മരുന്നുകള്‍ ബ്രിക്‌സ് രാജ്യങ്ങളില്‍ വിതരണം ചെയ്യാൻ ചൈന തയാറാണെന്നും ഷി ജിൻ പിങ് പറഞ്ഞു.
കൊവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറൻസ് മുഖാന്തിരം വിളിച്ചു കൂട്ടിയ ഉച്ചകോടിക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ആതിഥേയത്വം വഹിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ എന്നിവരും പങ്കെടുത്തു.