ബെയ്‌ജിങ്: കൊവിഡിനെതിരായ വാക്‌സിന്‍റെ ആദ്യ ഘട്ടം വിജയകരമെന്ന് ചൈനീസ് ഗവേഷകര്‍. കൊവിഡ് പ്രഭവകേന്ദ്രമായി കണക്കാക്കുന്ന വുഹാനില്‍ നിന്നുള്ള 18 നും 60 നും ഇടയില്‍ പ്രായമുള്ള 108 പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ഇതില്‍ ഭൂരിഭാഗം പേർക്കും രോഗപ്രതിരോധ ശേഷി കൂടിയെന്നാണ് ഗവേഷകരുടെ അവകാശവാദം. ആഡ്5-എന്‍കോവ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും.
വാക്സിന്‍റെ ഒറ്റത്തവണ ഉപയോഗത്തിലൂടെ മനുഷ്യശരീരത്തില്‍ രോഗപ്രതിരോധത്തിനുള്ള ടി കോശങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ ഉല്‍പാദിപ്പിക്കപ്പെട്ടു. കുത്തിവെപ്പിന് 28 ദിവസങ്ങള്‍ക്ക് ശേഷം പ്രതിരോധശേഷിക്ക് ആവശ്യമായ ആന്‍റിബോഡികളും വര്‍ധിച്ചു. പൂര്‍ണവിജയമാണോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തുമെന്നും ആറ് മാസത്തിനുള്ളില്‍ അന്തിമ ഫലം ലഭിക്കുമെന്നും ചൈനീസ് ഗവേഷകര്‍ പറഞ്ഞു.