ജറുസലേം: കൊവിഡ് വർധനവ് കണക്കിലെടുത്ത് ഇന്ത്യയുൾപ്പടെയുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര തടഞ്ഞ് ഇസ്രായേൽ. ഇന്ത്യ, ഉക്രൈൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവിടങ്ങളിലേക്ക് പോകാൻ പൗരന്മാരെ അനുവദിക്കില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫിസും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. മെയ് മൂന്ന് മുതൽ 16 വരെ നിയന്ത്രണങ്ങൾ തുടരും.
ഇസ്രയേലി പൗരന്മാരല്ലാത്തവർക്ക് ഈ രാജ്യങ്ങളിൽ സ്ഥിര താമസമാക്കൻ പദ്ധതിയുണ്ടെങ്കിൽ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് സർക്കാർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ കണക്ഷൻ വിമാനത്തിനായി 12 മണിക്കൂർ വരെ കാത്തിരിക്കുന്നവർക്ക് നിയന്ത്രണം ബാധകമല്ല.
ഈ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവർ വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും രണ്ടാഴ്ചത്തേക്ക് നിർബന്ധിത ക്വാറന്‍റൈനിൽ പ്രവേശിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.
അതേസമയം, പ്രത്യേക കേസുകൾ പരിഗണിക്കുന്ന പാനലിന്‍റെ പ്രതിനിധികളെ നിയമിക്കാൻ ഇസ്രായേൽ സർക്കാർ ആരോഗ്യ, ആഭ്യന്തര മന്ത്രിമാരെ അധികാരപ്പെടുത്തി.