കൊളംബോ: ശ്രീലങ്കയിൽ 505 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 95 കേസുകൾ നാവികസേനാ ഉദ്യോഗസ്ഥരാണെന്നും രാജ്യത്തെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. കൊവിഡ് ബാധിച്ച 120 പേർ രോഗമുക്തി നേടിയിട്ടുണ്ട്, 378 പേർ ചികിത്സയിൽ തുടരുന്നു. കൂടാതെ, ഏഴു പേരെയാണ് വൈറസ് ബാധയിൽ രാജ്യത്തിന് നഷ്‌ടമായത്.
വൈറസ് ബാധ സ്ഥിരീകരിച്ച ഉദ്യോഗസ്ഥർ വെലിസാര നാവികത്താവളത്തിൽ നിന്നുള്ളവരാണ്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഈ പ്രദേശം ഒറ്റപ്പെട്ട മേഖലയായി പ്രഖ്യാപിക്കുകയും ക്യാമ്പിന് അകത്ത് നിന്ന് പുറത്തേക്കും തിരിച്ചുമുള്ള പ്രവേശനം നിരോധിച്ചിതായും കരസേനാ മേധാവി ജനറൽ സവേന്ദ്ര സിൽവ അറിയിച്ചു. അവധിയിലുള്ള നാവിക സേന, കരസേന,വ്യോമസേന ഉദ്യോഗസ്ഥർ ഉടൻ തന്നെ ജോലിയിൽ പ്രവേശിക്കണമെന്ന് ശ്രീലങ്കൻ പ്രതിരോധ സെക്രട്ടറി കമൽ ഗുണരത്‌ന നേരത്തെ അറിയിപ്പ് നൽകിയിരുന്നു.
രാജ്യത്ത് കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ നടപ്പിലാക്കിയ നിരോധനാജ്ഞ നാളെ രാവിലെ വരെ നീട്ടുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുത്ത് ശ്രീലങ്കയിലെ 21 ജില്ലകളിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകും. കൊളംബോ, ഗമാപഹ, കലുതാര, പുറ്റാലം എന്നിവിടങ്ങളിൽ മെയ് നാല് വരെ നിരോധനാജ്ഞ തുടരും. തലസ്ഥാന നഗരിയായ കൊളംബോയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.