ഇസ്‌ലാമാബാദ്: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ 500 കടന്ന സാഹചര്യത്തിലും ലോക്‌ഡൗണ്‍ നടപ്പിലാക്കാന്‍ വിസമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്ഥാനില്‍ കൊവിഡ് 19 ബാധിച്ച് ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചത് 501 പേര്‍ക്കുമാണെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ചത് സിന്ധ് പ്രവിശ്യയിലാണ്. 252 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ലോക്‌ഡൗണ്‍ കര്‍ഫ്യൂ പോലുള്ള സാഹചര്യമാണ്. അത് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കും. തങ്ങള്‍ക്ക് അത് താങ്ങാനാവില്ലെന്നും പാവപ്പെട്ടവരെ കൂടുതല്‍ ദുര്‍ബലരാക്കുമെന്നുമാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ നിലപാട്. ചൊവ്വാഴ്ച പ്രഖ്യാപിക്കുന്ന സാമ്പത്തിക പാക്കേജ് പ്രകാരം നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുന്ന ലോകത്തെ മറ്റ് രാജ്യങ്ങളുമായി തങ്ങള്‍ക്ക് മത്സരിക്കാനാവില്ല. എങ്കിലും സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെ വൈറസില്‍ നിന്ന് രക്ഷിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മെഡിക്കൽ ഉപകരണങ്ങള്‍, മാസ്കുകൾ, ടെസ്റ്റ് കിറ്റുകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ അഭാവം പാകിസ്ഥാനില്‍ ചികിത്സാ സാധ്യതകള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കുന്നതുവരെ സമരം ചെയ്യുമെന്ന് ഡോക്ടര്‍മാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിനായി 588 ദശലക്ഷം യുഎസ് ഡോളര്‍ സഹായം ലോക ബാങ്കും ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്കും പ്രഖ്യാപിച്ചു. ഇറാനില്‍ നിന്ന് വരുന്ന കപ്പലുകളില്‍ വേണ്ടത്ര സ്ക്രീനിഗ് നടപടിക്രമങ്ങളുടെ അഭാവവും മോശം ജീവിത സാഹചര്യങ്ങളുമാണ് ഇവിടെ വൈറസ് ബാധ നിയന്ത്രിക്കാന്‍ കഴിയാതെ പോയത്.
ചൈനീസ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുന്ന നൂറു കണക്കിന് ആളുകളെ വേണ്ട രീതിയില്‍ സ്ക്രീനിംഗ് നടത്താതിരുന്നതും തിരിച്ചടിയായി. അതേസമയം വൈറസ് നിര്‍ണയത്തിനായി ചില ആശുപത്രികള്‍ വലിയ തുക ഈടാക്കുന്നതായി ജനങ്ങള്‍ പരാതിപ്പെടുന്നു. പരിശോധനകള്‍ സൗജന്യമായാണ് നടത്തുന്നത് എന്ന സര്‍ക്കാര്‍ വാദം ഇതോടെ പൊളിഞ്ഞു. സാഹചര്യത്തെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യാനുള്ള കഴിവ് സൈന്യത്തിനുണ്ടെന്ന് വ്യക്തമാക്കിയിട്ടും ലീപ്പ താഴ്വരയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ മറ്റ് ഭാഗങ്ങളിലേക്ക് താമസം മാറ്റി.