ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഇടയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്‌ച കൊണ്ട് 75 ശതമാനമാണ് കേസുകളില്‍ വര്‍ധനവ് ഉണ്ടായതെന്ന് നാഷണല്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്‍ററിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 444 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 219 ഡോക്‌ടര്‍മാര്‍, 67 നഴ്‌സുമാര്‍, 161 മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 138 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 204 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 94 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്.
സിന്ധ് പ്രവിശ്യയില്‍ ഒരു ഡോക്‌ടര്‍ കഴിഞ്ഞ മാസം കൊവിഡ് മൂലം മരിച്ചു. ആരോഗ്യ മേഖലയില്‍ നിന്നുള്ള ആദ്യ കൊവിഡ് മരണമാണിത്. കഴിഞ്ഞ ആഴ്‌ച ഹയാതാബാദില്‍ നിന്നും മറ്റൊരു ഡോക്‌ടറും കൊവിഡ് മൂലം മരിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുന്നില്ലെന്നാരോപിച്ച് സര്‍ക്കാരിനെതിരെ പാകിസ്ഥാനില്‍ പ്രതിഷേധം ശക്തമാകുകയാണ്.