ന്യൂഡൽഹി: ഇന്ത്യ- ചൈന അതിർത്തി പ്രശ്നങ്ങളിൽ ചർച്ച നടത്താൻ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി ഈ മാസം അവസാനം ഇന്ത്യ സന്ദർശിച്ചേക്കും. സന്ദർശന വേളയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലുമായി വാങ് ചർച്ച നടത്തും. യഥാർത്ഥ നിയന്ത്രണ രേഖയിലുള്ള (എൽഎസി) കടന്നുകയറ്റം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കത്തിന്റെ മൂല കാരണമായി തുടരുകയാണ്.
2017 ൽ ഡോക്ലാമിൽ ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മില്‍ 73 ദിവസത്തെ സംഘർഷം നടന്നിരുന്നു. ഇത് പിന്നീട് ന്യൂഡൽഹിയും ബീജിംഗും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഒരു പ്രധാന വെല്ലുവിളിയായി ഉയർന്നുവന്നു. ഈ വർഷം ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും തമ്മിൽ മമല്ലാപുരത്ത് നടന്ന രണ്ടാമത്തെ അനൗപചാരിക ഉച്ചകോടിക്ക് ശേഷം ഒരു ചൈനീസ് ഉദ്യോഗസ്ഥൻ നടത്തുന്ന ആദ്യ സന്ദർശനമാണിത്.