ബെയ്‌ജിങ്: ചൈനയില്‍ നൊവേല്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 425 ആയി. ഇതുവരെ 20,438 പേരില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി ആളുകളുടെ പരിശോധ ഫലം ഇനിയും വരാനിരിക്കെ നിരക്ക് കൂടാന്‍ സാധ്യയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആരോഗ്യ അടിയന്താരവസ്ഥ കണക്കിലെടുത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച വുഹാന്‍ പ്രവശ്യയില്‍ മികച്ച സംവിധാനങ്ങളോടെയുള്ള പ്രത്യേക ആശുപത്രിയുടെ പ്രവര്‍ത്തനം തിങ്കളാഴ്‌ച ആരംഭിച്ചു.
രോഗപ്രതിരോധത്തിനായി വേണ്ട നടപടികള്‍ ചെയ്‌തുവരുകയാണെന്നും 1,500 കിടക്ക സൗകര്യമുള്ള മറ്റൊരു ആശുപത്രികൂടി ഉടന്‍ ആരംഭിക്കുമെന്ന് ചൈനയുടെ പ്രസിഡന്‍റ് ഷി ജിൻപിൻങ് പറഞ്ഞു. എന്നാല്‍ നൊവേല്‍ കൊറോണ വൈറസ് വവ്വാലുകളില്‍ നിന്നാണ് ഉണ്ടായതെന്നാണ് ചൈനീസ് ശാസ്‌ത്രഞ്ജരുടെ കണ്ടെത്തല്‍. രോഗബാധിതരായ ഏഴ് പേരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ 96 ശതമാനവും വവ്വാലുകളില്‍ കണ്ടെത്തിയ കൊറോണ വൈറാണെന്ന് കണ്ടെത്തിയതായി വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2003 ല്‍ ചൈനയില്‍ 650 പേരുടെ മരണത്തിന് ഇടയാക്കിയ എസ്.എ.ആര്‍.എസ് രോഗവും വവ്വാലുകളില്‍ നിന്നാണ് ഉണ്ടായത്. വവ്വാലില്‍ നിന്നും സിവെറ്റ് പൂച്ചകളിലേക്ക് പടര്‍ന്നതിന് ശേഷമാണ് മനുഷ്യരിലേക്ക് രോഗം ബാധിച്ചത്. ചൈനയില്‍ പടര്‍ന്ന് പിടിച്ച നൊവേല്‍ കൊറോണ വൈറസ് വുഹാനിലെ ഒരു വന്യ മൃഗ വ്യാപാര കേന്ദ്രത്തില്‍ നിന്നുമാണ് ഉല്‍ഭവിച്ചതെന്നാണ് കരുതുന്നത്.
അതിനിടെ ജപ്പാനിലേക്ക് പുറപ്പെട്ട കപ്പലില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പല്‍ തിരിച്ച് യൊകൊഹമൊയില്‍ എത്തിച്ചു. 3000 യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം യാത്ര തുടരുമെന്ന് ജപ്പാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.