ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെ ഇന്ത്യയിൽ നിന്ന് മാറ്റാൻ ഒരുങ്ങി ചൈന. ന്യൂഡൽഹിയിലെ ചൈനീസ് എംബസി തിങ്കളാഴ്ച പുറപ്പെടുവിച്ച നോട്ടീസിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, ബിസിനസുകാർ എന്നിവരെ പ്രത്യേക വിമാനങ്ങളിൽ ചൈനയിലേക്ക് തിരികെ പോകുമെന്ന് എംബസിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിൽ പറയുന്നു.
നിലവിൽ ഇന്ത്യയിൽ പഠിക്കുന്ന അല്ലെങ്കിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ എണ്ണം ലഭ്യമല്ല. അതു കൊണ്ട് വ്യക്തമായ കണക്കുകൾ ലഭ്യമാകുന്നതിനായി മെയ് 27 നുള്ളില്‍ ചൈനയിലേക്ക് മടങ്ങാൻ തയ്യാറായ പൗരന്മാരോട് പേരു വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബീജിംഗ് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗ അഭ്യസിക്കാനും ബുദ്ധമത തീർത്ഥാടനത്തിനുമായി ഇന്ത്യയിൽ വന്ന ചൈനീസ് പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. പ്രത്യേക വിമാനങ്ങള്‍ എവിടെ നിന്ന് പുറപ്പെടുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പലായനം ചെയ്യാനുള്ള നോട്ടീസ് പുറപ്പെടുവിച്ചത് എന്നതും ശ്രദ്ധേയമാണ്.
തിങ്കളാഴ്ച രാവിലെ പ്രസിദ്ധീകരിച്ച നോട്ടീസിൽ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവര്‍ വിമാന ടിക്കറ്റിനും ചൈനയിൽ എത്തിയ ശേഷമുള്ള 14 ദിവസത്തെ ക്വാറന്‍റൈനും പണം നൽകണമെന്ന് വിശദമാക്കിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെയും പ്രസക്തമായ വകുപ്പുകളുടെയും ഏകീകൃത ക്രമീകരണത്തിൽ, ഇന്ത്യയിലെ ചൈനീസ് എംബസിയും കോൺസുലേറ്റുകളും ഇന്ത്യയിലുള്ള വിദ്യാർഥികൾ, വിനോദസഞ്ചാരികൾ, താൽക്കാലിക ബിസിനസുകാർ എന്നിവരെ സഹായിക്കും. ഇന്ത്യയിൽ കഷ്ടത അനുഭവിക്കുന്ന ഇവരെ തിരികെ ചൈനയിൽ എത്തിക്കേണ്ടതുണ്ടെന്ന് ചൈന പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു.
കൊവിഡ് ബാധിച്ചതായി കണ്ടെത്തിയവരോ സംശയിക്കപ്പെടുന്നവരോ 14 ദിവസമായി പനി, ചുമ എന്നീ ലക്ഷണങ്ങളുള്ളവരും വിമാനത്തിൽ പോകുന്നത് വിലക്കിയിട്ടുണ്ട്. കൊവിഡ് -19 രോഗികളുമായി അടുത്ത ബന്ധം ഉള്ളവര്‍ ശരീര താപനില 37.3 ഡിഗ്രിയിൽ കൂടുതൽ ഉള്ളവര്‍ എന്നിവരെയും വിമാനത്തിൽ കയറാൻ അനുവദിക്കില്ല. അപേക്ഷകർ ആശുപത്രികൾ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിൽ അത് മറക്കരുതെന്നും നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒരു രോഗി തന്‍റെ അസുഖവും സമ്പര്‍ക്ക ചരിത്രവും മറച്ചുവെക്കുകയോ അല്ലെങ്കിൽ ക്വാറന്‍റൈൻ പരിശോധനയ്ക്കിടെ ആന്‍റിപൈറിറ്റിക്സും മറ്റ് മരുന്നുകളും കഴിച്ചതായി കണ്ടെത്തുകയോ ചെയ്താൽ, പൊതു സുരക്ഷയെ അപകടപ്പെടുത്തിയ കുറ്റത്തിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് നോട്ടീസ് വ്യക്തമാക്കുന്നു.കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മധ്യ ചൈനീസ് പ്രവിശ്യയായ ഹുബേയിൽ നിന്ന് 700 ലധികം പൗരന്മാരെ ഇന്ത്യ ഒഴിപ്പിച്ചിരുന്നു.