ബെയ്‌ജിങ്: ഇന്ത്യയില്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെ ആശങ്ക അറിയിച്ച് ചൈന. ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായ നടപടി ആശങ്കയുണ്ടാക്കുന്നതാണെന്നും സാഹചര്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തില്‍ രാജ്യാന്തര -പ്രാദേശിക നിയമ ചട്ടങ്ങള്‍ പാലിക്കാന്‍ ചൈനീസ് ഭരണകൂടം എല്ലായ്‌പ്പോഴും ചൈനീസ് ബിസിനസുകാരോട് ആവശ്യപ്പെടാറുണ്ട്. ചൈനീസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര നിക്ഷേപകരുടെ നിയമപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും ലിയാന്‍ പറഞ്ഞു.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ടിക്‌ടോക്ക്, യുസി ബ്രൗസര്‍ തുടങ്ങി 59 ചൈനീസ് ആപ്പുകള്‍ക്ക് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തിയത്.