ബെയ്‌ജിങ്: ചൈനയില്‍ 10 കൊവിഡ് 19 കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യ തലസ്ഥാനമായ ബെയ്‌ജിങില്‍ രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഒന്നാം ക്ലാസ് മുതൽ മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്കൂളുകൾ വീണ്ടും തുറക്കാനുള്ള ശ്രമം തലസ്ഥാന നഗരം താല്‍കാലികമായി മാറ്റിവച്ചു.
56 ദിവസത്തെ ഇടവേളക്ക് ശേഷം വ്യാഴാഴ്ച ബെയ്‌ജിങില്‍ ഒരു കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തത്. ഇവര്‍ ഫെങ്‌ടൈ ജില്ലയിലെ ചൈന മീറ്റ് ഫുഡ് റിസർച്ച് സെന്‍റര്‍ ജീവനക്കാരാണ്. ഇവരില്‍ ഒരാൾ ബെയ്‌ജിങിന് പുറത്ത് യാത്ര ചെയ്തതായി റിപ്പോർട്ടുണ്ട്. അയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ഇയാളുടെ അടുത്ത ബന്ധക്കൾക്ക് ന്യൂക്ലിക് ആസിഡ്, ആന്‍റിബോഡി പരിശോധന എന്നിവ നെഗറ്റീവാണെന്ന് കണ്ടെത്തിയതായി പ്രാദേശിക ആരോഗ്യ അധികൃതർ അറിയിച്ചു.
ബെയ്‌ജിങിലെ സിചെങ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രോഗിയുടെ രണ്ട് കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണെന്നും ലക്ഷണങ്ങളൊന്നും കാണിച്ചിട്ടില്ലെന്നും ജില്ലാ ആരോഗ്യ കമ്മിഷൻ അധികൃതര്‍ അറിയിച്ചു. പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 52കാരന് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇയാളുടെ കുട്ടി പഠിക്കുന്ന പ്രൈമറി സ്‌കൂളിലെ 33 വിദ്യാർഥികളോടും 15 അധ്യാപകരോടും നിരീക്ഷണത്തില്‍ പോകാൻ ആവശ്യപ്പെട്ടു.
തുടർച്ചയായ രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം വിദേശത്ത് നിന്നുള്ള ചൈനീസ് പൗരന്മാരുമായി വിമാനങ്ങളൊന്നും തലസ്ഥാനത്ത് തിരിച്ചെത്തിയിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പാക്കി. ഇവിടേക്ക് എത്തേണ്ടിയിരുന്ന അന്താരാഷ്‌ട്ര വിമാനങ്ങളെ സമീപത്തുള്ള മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. തിരിച്ചെത്തിയവരെ പരിശോധനക്ക് ശേഷം 14 ദിവസത്തെ ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം ചൈനയില്‍ 83,064 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 65 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 78,365 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് കൊവിഡ് ബാധിച്ച് 4,634 പേര്‍ മരിക്കുകയും ചെയ്‌തു.