ഇസ്ലാമാബാദ്: ചൈന- പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ചൈന സാമ്പത്തിക സഹായം നൽകുന്നില്ലെന്ന് പാക്കിസ്ഥാൻ. സിപിഇസിയുടെ പ്രത്യേക യോഗത്തിൽ പാകിസ്ഥാന്‍റെ ഗതാഗത ആസൂത്രണ മേധാവി സെനറ്റർ സിക്കന്ദർ മന്ധ്രോയാണ് പദ്ധതിയുടെ സാമ്പത്തിക നിലയെക്കുറിച്ച് അറിയിച്ചത്. ഫണ്ട് ഇല്ലാത്തതിനാൽ കേന്ദ്ര വികസന ഫണ്ടിൽ നിന്നുള്ള തുകയാണ് പലകാര്യങ്ങൾക്കും വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗ്വാഡാർ സ്‌മാർട്ട് പോർട്ട് സിറ്റി മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പദ്ധതികളും ഇതുവരെ ആരംഭിച്ചിട്ടില്ല. 2015ൽ ചൈന 46 ബില്യൺ യുഎസ് ഡോളറിന്‍റെ സാമ്പത്തിക പദ്ധതികളാണ് പാകിസ്ഥാനിൽ പ്രഖ്യാപിച്ചത്. അമേരിക്കയെയും ഇന്ത്യയെയും ചെറുത്ത് പാകിസ്ഥാനിലും മധ്യ, ദക്ഷിണേഷ്യയിലും ഉടനീളം സ്വാധീനം വ്യാപിപ്പിക്കുകയാണ് സിപിഇസി പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നത്.