ബെയ്‌ജിങ്: ബെയ്‌ജിങിലെ കൊവിഡ് കേസുകളുടെ എണ്ണം 106 ആയി ഉയർന്നു. 90,000 ത്തോളം പേരെ പരിശോധിക്കുകയും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌ത മാർക്കറ്റുകൾ അടക്കുകയും ചെയ്‌തു. 22 മണിക്കൂറിനുള്ളിൽ 27 കേസുകൾ കൂടി ബെയ്‌ജിങിൽ റിപ്പോർട്ട് ചെയ്‌തു. കൊവിഡ് വ്യാപനം തടയുന്നതിനായി കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ സിൻഫാഡി മാർക്കറ്റിൽ നിന്ന് 106 കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബെയ്‌ജിങിൽ നിന്നുള്ള കേസുകൾ ഉൾപ്പെടെ 46 പുതിയ കേസുകളാണ് ചൈനയിൽ നിന്ന് റിപ്പോർട്ട് ചെയ്‌തത്.
ബെയ്‌ജിങിൽ നിന്ന് 27, ഹുബെയിൽ നിന്ന് നാല്, സിച്ചുവാനിൽ നിന്ന് ഒരു കേസും തിങ്കളാഴ്‌ച റിപ്പോർട്ട് ചെയ്‌തു. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിച്ച 110 പേരാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. വലിയ ഭക്ഷ്യ വിപണന കേന്ദ്രമായ ഫെങ്‌ടായിയിലെയും വടക്കൻ ജില്ലയായ ഹൈഡിയനിലെയും 21 റെസിഡൻഷ്യൽ എസ്റ്റേറ്റുകൾ പൂട്ടി. ഈ പ്രദേശങ്ങളിൽ കൊവിഡ് പരിശോധനകൾ നടക്കുകയാണ്.
കൊവിഡ് വ്യാപനം തടയുന്നതിനായി ബെയ്‌ജിങിൽ 90,000 പേർക്ക് ന്യൂക്ലിക് ആസിഡ് പരിശോധന നടത്താൻ തുടങ്ങി. മെയ് 30 മുതൽ ഏകദേശം രണ്ട് ലക്ഷത്തോളം പേർ മാർക്കറ്റിൽ വന്നിട്ടുണ്ടെന്നാണ് നിഗമനം. മാർക്കറ്റിന് ചുറ്റുമുള്ള മേഖലകളും അടച്ചു. മാർക്കറ്റിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയിൽ നിന്നും ഇറക്കുമതി ചെയ്‌ത സാധനങ്ങളിലാണ് വൈറസ് ബാധയെന്ന് കണ്ടെത്തി. തുടർന്ന് വൈറസ് യൂറോപ്പിൽ നിന്നാണെന്നും കണ്ടെത്തി. കൊവിഡ് ബാധിച്ച നിരവധി പേർ വിദേശത്ത് നിന്നും മടങ്ങിയെത്തുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ വുഹാനിലാണ് കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. എന്നാൽ ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. ചൈനയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83,221 ആണ്. 210 പേർ ചികിത്സയിൽ തുടരുന്നു. അതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. 78,377 പേർ രോഗമുക്തി നേടി. 4,634 പേർ മരിച്ചു.