ബംഗ്ലാദേശ്: ബംഗ്ലാദേശിലെ പെണ്‍കുട്ടികള്‍ക്ക് ഇനി വിവാഹ സര്‍ട്ടിഫിക്കറ്റില്‍ 'കന്യക'യാണെന്ന് രേഖപ്പെടുത്തേണ്ടതില്ല. ബംഗ്ലാദേശ് ഹൈക്കോടതി പുതിയ ഉത്തരവിലൂടെ സര്‍ട്ടിഫിക്കറ്റിലെ ഈ തെറ്റിദ്ധാരണജനകമായ കോളം നീക്കം ചെയ്തു. 2014 ലാണ് ഈ വിഷയം കോടതിയുടെ മുമ്പിലെത്തുന്നത്. സ്ത്രീകളോട് മാത്രം വിവാഹ സര്‍ട്ടിഫിക്കറ്റില്‍ 'കന്യകയാണോ' എന്ന് ചോദിക്കുന്നത് വേര്‍തിരിവാണെന്നും ഇത് ലിംഗ സമത്വത്തിന് എതിരാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഉത്തരവ് പ്രകാരം വിവാഹ സര്‍ട്ടിഫിക്കറ്റിലെ 'കുമാരി' എന്ന കോളം ഇനിമുതല്‍ അവിവാഹിത എന്നാക്കി മാറ്റും. വിധവ, ഡിവോഴ്‌സ് എന്നീ കോളങ്ങള്‍ അതേപടി തുടരും. പുരുഷന്മാര്‍ തങ്ങളുടെ വിവാഹാവസ്ഥ വെളിപ്പെടുത്തണമെന്നത് നിര്‍ബന്ധമില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഒക്ടോബറില്‍ മാത്രമേ വിധിയുടെ മുഴുവൻ പകര്‍പ്പും പുറത്തുവരു. അതിനാല്‍ കോടതി ഉത്തരവ് ബംഗ്ലാദേശ് സര്‍ക്കാര്‍ പാലിക്കുന്നുണ്ടോയെന്ന കാര്യം അവ്യക്തമാണ്.