ധാക്ക: ബുൾബുൾ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. തീരദേശ ജില്ലകളില്‍ ഏഴടി വരെ ഉയരത്തില്‍ തിരമാലകൾ വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 120 കിലോമീറ്റര്‍ വരെ വേഗതയില്‍ വരെ ചുഴലിക്കാറ്റ് സഞ്ചരിക്കാനിടയുള്ളതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനമായ സുന്ദർബൻസിന് സമീപം മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശ് തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് ദുരന്തനിവാരണ സേന സെക്രട്ടറി ഷാ കമല്‍ അറിയിച്ചു.
രാജ്യത്തെ പ്രധാന തുറമുഖങ്ങളായ മോങ്ക്ലയിലും ചിറ്റഗോങ്ങിലും എല്ലാവിധ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശമുണ്ട്. ജാഗ്രതാ നിര്‍ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കാനായി 55,000ത്തോളം വോളന്‍റീയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ ബംഗ്ലാദേശില്‍ ഫാനി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് നിരവധി പേരായിരുന്നു മരിച്ചത്.