രണ്ടു ലക്ഷത്തിലേറെ അനുയായികളുമായി കഴിഞ്ഞ ഒക്ടോബർ 27ന് ജമായത് ഉലമ-ഇ-ഇസ്ലാം (ജെ.യു.ഐ.എഫ്) നേതാവ് മൌലാന ഫസ് ലുർ റഹ്മാൻ നയിച്ച മാർച്ച് ഇസ്ലാമബാദിൽ എത്തിച്ചേർന്നു. പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തെരഞ്ഞെടുപ്പിൽ വഞ്ചന നടത്തി അധികാരത്തിലേറിയ ഇമ്രാൻഖാൻ രാജി വെക്കണമെന്നായിരുന്നു ജെ.യു.ഐ.എഫ് നടത്തിയ ആസാദി മാർച്ച് മുന്നോട്ട് വെച്ച ആവശ്യം. രണ്ടാഴ്ച നീണ്ടുനിന്ന മാർച്ച് അവസാനിച്ചത് നവംബർ ഒമ്പതിനാണ്. സമരത്തെ നനഞ്ഞ പടക്കമെന്ന് രാഷ്ട്രീയ വിമർശകർ വിശേഷിപ്പിക്കുമ്പോഴും പ്രതിപക്ഷത്തെ പ്രധിനിധാനം ചെയ്യുന്ന റെഹ്ബാർ കമ്മിറ്റിയുമായി ഇമ്രാൻ ഖാൻ കൂടിയാലോചന നടത്തിയിരുന്നു.
പാകിസ്ഥാനിലെ രാഷ്ട്രീയ കാലാവസ്ഥ മാറുന്നതിന് അനുസരിച്ചാണ് മൌലാന ഫസ് ലുർ റഹ്മാൻ സർക്കാർ വിരുദ്ധ പ്രതിഷേധവമായി രംഗത്ത് വരുന്നത്. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും, മുൻ പ്രസിഡന്‍റ് ആസിഫ് സർദാരിയും അഴിമതിയുടെ പേരിൽ പഴി ചുമത്തപ്പെട്ടവരായിരിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന പാകിസ്ഥാനിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ പി.എം.എൽ.എന്നും( പാകിസ്ഥാൻ മുസ്ലിംലീഗ്-നവാസ്) പി.പി.പി(പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി)യും താറുമാറായ അവസ്ഥയിലാണ്. രോഗബാധിതനായ ഷെരീഫ് ഇപ്പോൾ ജയിൽമോചിതനായി. തുടർ ചികിൽസയ്ക്ക് വിദേശത്തുപോകാനുള്ള തയ്യാറെടുപ്പിലാണ് ഷെരീഫെന്ന് റിപ്പോർട്ടുകളുണ്ട്. പിഎംഎൽ-എന്നിലുള്ളിൽ, നവാസ് ഷെരീഫിന്‍റെ മകളും ഷെരീഫിന്‍റെ സഹോദരനും തമ്മിൽ അധികാരവടംവലി തുടരുകയാണ്. ഷെരീഫിന്‍റെ മകളായ മറിയം, അടുത്ത നേതാവായി അവരോധിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
പിപിപിയും രാഷ്ട്രീയ സമവായത്തിലെത്താനാവാത്ത അവസ്ഥയിലാണ്. അധികാരത്തിലിരുന്നപ്പോൾ സാമ്പത്തിക അഴിമതി നടത്തിയെന്ന പേരിൽ നിരീക്ഷണത്തിലാണ് രോഗബാധിതനായ സർദാരി. മകൻ ബിലാവൽ ഭൂട്ടോ, പിപിപിയിൽ വിശ്വാസം ആർജിച്ചെടുക്കുന്നുണ്ട്. അമ്മ ബേനസീർ ഭൂട്ടോയുടേയും മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോയുടേയും രാഷ്ട്രീയ മേലങ്കിയണിഞ്ഞ ബിലാവൽ, പാക് ജനതയുടെ വിശ്വാസം നേടിയെടുത്തുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ്, ഫസ് ലുർ റഹ്മാൻ, തന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനും ബദ്ധശത്രുവായ ഇമ്രാൻ ഖാനോട് പകരം വീട്ടുന്നതിനുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 1980ൽ, പിതാവിന്‍റെ മരണശേഷം, റഹ്മാൻ, ജെയുഐയുടെ അമീർ ആയി നിയമിതനായിരുന്നു. അന്ന് റഹ്മാന് പ്രായം ഇരുപത്തിയേഴ്. പിതാവിൽ നിന്ന് നേടിയെടുത്ത ഖൈബർ പഷ്തൂൺഖ്വ (കെപി) പ്രവിശ്യയായിരുന്നു റഹ്മാന്‍റെ ശക്തികേന്ദ്രം. ബലൂചിസ്താൻ പ്രവിശ്യയിലും റഹ്മാന് ആഴത്തിൽ വേരുകളുണ്ടായിരുന്നു.
ഇതിന് വിരുദ്ധമാണ് ഇമ്രാൻ ഖാന്‍റെ കാര്യം. 1996 ലാണ് ഇമ്രാൻ രാഷ്ട്രീയത്തിൽ എത്തുന്നത്. വളരെക്കുറച്ചു സമയം കൊണ്ട്, അദ്ദേഹം പിടിഐ(പാകിസ്ഥാൻ തെഹ് രീകി-എ-ഇൻസാഫ്) എന്ന പാർട്ടിക്ക് രൂപം നൽകുകയും ചെയ്തു. 2018ലെ ദേശീയ തെരഞ്ഞെടുപ്പിൽ മല്‍സരിച്ച് വിജയിച്ച ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിലെത്തി.
ഭീകരവാദ സംഘടനകൾക്ക് പിന്തുണ നൽകുന്നതിന്‍റെ പേരിൽ അന്തർദേശീയ തലത്തിൽ പാകിസ്ഥാൻ ഇപ്പോൾ സംശയത്തിന്‍റെ നിഴലിലാണ്. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് നേരെ കണ്ണടച്ചാൽ അത്, അന്താരാഷ്ട്രതലത്തിൽ ആശങ്കകൾ സൃഷ്ടിക്കും. പാകിസ്ഥാനിലെ രാഷ്ട്രീയം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. ജനറൽ ബജ്വയ്ക്ക് മൂന്നുവർഷംകൂടി നീട്ടി നൽകിയതാണ് നീരസങ്ങൾക്ക് വഴിവെച്ചതെന്നും ചില മുതിർന്ന സൈനിക ഉദ്യോഗസ്ഥർ റഹ്മാനോട് രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ആസാദി മാർച്ച് ഇമ്രാൻ ഖാന് വെല്ലുവിളിയാകുമോ അതോ നനഞ്ഞ പടക്കമായി അവശേഷിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.