സിഡ്‌നി: ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും പിന്നാലെ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനായ ടിക് ടോക് നിരോധിക്കാൻ നീക്കവുമായി ഓസ്‌ട്രേലിയ. രാജ്യത്തെ ജനങ്ങളുടെ വിവരം ചോര്‍ച്ചത്തപ്പെടുന്നുണ്ടെന്ന സംശയമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നില്‍. ചൈന ടിക് ടോക്കിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ലിബറല്‍ സെനറ്റര്‍ ജിം മോലൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതോടെ മൊബൈല്‍ ആപ്ലിക്കേഷനുകളെച്ചൊല്ലിയുള്ള ചൈനയ്‌ക്കെതിരായ ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ കൂടുതല്‍ ശക്തിപ്പെടുകയാണ്. എന്നാല്‍ യാതൊരു വിവരങ്ങളും ചോര്‍ത്തില്ലെന്ന നിലപാടിലാണ് ചൈന.
എന്നാല്‍ ടിക് ടോക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയിലും, സിങ്കപ്പൂരിലുമാണ് സേവ് ചെയ്യുന്നതെന്നും എന്നാല്‍ ഈ വിവരങ്ങള്‍ ശേഖരിക്കാന്‍ ചൈനീസ് സര്‍ക്കാരിന് സാധിക്കുമെന്നും ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ് ഡാൻസ് അധികൃതര്‍ പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ചോരില്ലെന്ന് ഉറപ്പ് നല്‍കാനാകില്ലെന്ന് കമ്പനി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം പല രാജ്യങ്ങളിലും ടിക് ടോക് നിരോധിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ ഉപഭോക്താക്കള്‍ തയാറായിട്ടില്ല. നിലവില്‍ കമ്പനിക്ക് ലഭിച്ച ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആപ്പ് നിരോധിച്ചാലും കമ്പനി സെര്‍വറില്‍ നിന്ന് ഇല്ലാതാകില്ലെന്നും വിദഗ്‌ധര്‍ പറയുന്നു.