കാബൂൾ : താലിബാന്‍ രാജ്യഭരണം പിടിച്ചതോടെ രാജ്യം വിടാനായുള്ള തിരക്കിനിടെ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി യുഎസ് സൈന്യം ആകാശത്തേക്ക് വെടിയുതിർത്തിരുന്നു.
അഞ്ച് പേര്‍ മരിച്ചത് വെടിയേറ്റാണോ അതോ തിരക്കില്‍പ്പെട്ടാണോ എന്നതില്‍ വ്യക്തതയില്ല. പ്രസ്തുത മരണങ്ങള്‍ വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിട്ടുള്ള യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടുമില്ല.
READ MORE: കാബൂളില്‍ പതിനായിരങ്ങളുടെ പലായനം; ആകാശത്തേക്ക് വെടിയുതിര്‍ത്ത് യുഎസ് സൈന്യം
"ആൾക്കൂട്ടം നിയന്ത്രണാതീതമാണ്. കലാപം ഒഴിവാക്കാന്‍ മാത്രമാണ് ആകാശത്തേക്ക് വെടിയുതിര്‍ത്തത് " യുഎസ് ഉദ്യോഗസ്ഥൻ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. രാജ്യത്ത് നിന്നും രക്ഷപ്പെടാന്‍ വിമാനങ്ങളിലേക്ക് ഇരച്ചുകയറുന്ന ജനങ്ങളുടെ നിരാശാജനകമായ നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വെടിയൊച്ച കേള്‍ക്കാം.വിമാനത്താവളത്തിന്‍റെ ചുമതല വഹിക്കുന്ന യുഎസ് സൈന്യം അമേരിക്കൻ എംബസി ജീവനക്കാരെ ഒഴിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നത്.